കൊറോണ:
കുത്തിത്തിരിപ്പുണ്ടാക്കുന്നവൻ, അടുപ്പക്കാരെ അകറ്റുന്നവൻ, അപകടകാരി എന്നൊക്കെ അർത്ഥം. യുവതികളുടെ നിഘണ്ടുവിൽ ഈ പദത്തിന്, പിറകേ നടന്ന് ശല്യം ചെയ്യുന്നവൻ, നമ്മളറിയാതെ കുഴപ്പത്തിൽ ചാടിക്കുന്നവൻ എന്നൊക്കെ അർത്ഥം.
ക്വാറന്റൈൻ: കുടിയനായ ഭർത്താവിന് ശ്രീമതി വിധിക്കുന്ന ശിക്ഷ അഥവാ ഭാര്യമാർ പുരുഷന്മാർക്കു വിധിക്കുന്ന ഊരുവിലക്ക്. പിന്നീട് വീട്ടിൽ നിന്ന് പരോൾ ലഭിക്കുമ്പോൾ പുരുഷന്മാർ പറയും: ഞാൻ ക്വാറന്റൈനിൽ ആയിരുന്നു മച്ചമ്പീ. സംഗതി ഹൗസ് അറസ്റ്റ് ആണെങ്കിലും പറയുമ്പോൾ ഒരു ഗമയൊക്കെയുണ്ടെന്ന് മദ്യപശ്രീമാന്മാരുടെ ആശ്വാസം.
മാസ്‌ക്:
മുഖാവരണം അഥവാ ഭാര്യമാരുടെ കണ്ണു വെട്ടിച്ച് പുറത്തേക്കിറങ്ങാൻ പുരുഷന്മാർ ഉപയോഗിക്കുന്ന ഉപാധി. കൊറോണക്കാലത്ത് സുലഭമായ മാസ്‌ക് സൂക്ഷിച്ചുവച്ചിരുന്നാൽ പിന്നീട് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാമത്രെ. അയൽവീട്ടുകാരന്റെ സുന്ദരിയായ ഭാര്യയെ നോട്ടമിട്ടിരുന്ന വീരകേസരികൾ ഇത് ശേഖരിച്ചുവച്ച് പ്രതീക്ഷയോടെ ആശ്വസിക്കുന്നു: കൊറോണക്കാലം കഴിയുമ്പോൾ പ്രയോഗിക്കാം!
സാനിറ്റൈസർ:
മദ്യത്തിന്റെ പുതിയ രഹസ്യ കോഡ്. ഭാര്യമാർ അറിയാതെ വീട്ടിലിരുന്ന് സുഹൃത്തുക്കളോട് മൊബൈലിൽ മദ്യത്തെ സൂചിപ്പിച്ച് സംസാരിക്കാൻ വ്യാപകായി ഉപയോഗിക്കപ്പെടുന്നു. സാനിറ്റൈസർ തുള്ളി പോലുമില്ലെന്നു കേട്ടാൽ മദ്യലഭ്യത തീരെയില്ലെന്ന് മനസ്സിലാക്കണം. (മദ്യത്തിനു പകരം ഇത് സംസാരത്തിലേ ഉപയോഗിക്കാവൂ. പ്രയോഗത്തിലാക്കുന്നത് അപകടകരം)
ലോക്ക് ഡൗൺ:
ഭാര്യ നേരത്തെ കയറി ബെഡ്‌റൂമിന്റെ വാതിലടയ്ക്കുമ്പോൾ ഭർത്താക്കന്മാർ പറയുന്നത്. ഒന്നും രണ്ടും പറഞ്ഞ് കുടുംബപ്രശ്‌നം വാക്കേറ്റമായി പരിണമിക്കുമ്പോൾ അനന്തരം സംഭവിക്കാനിടയുള്ളത്. ഇടയ്ക്കിടെയുള്ള ലോക്ക് ഡൗൺ സാരമാക്കാനില്ലെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ സംഭവിക്കാതെ സൂക്ഷിക്കുന്നത് ദാമ്പത്യത്തിന് സുരക്ഷിതം.
ഹാൻഡ് വാഷ്:
അണുനാശിനി കലര്‍ന്ന സോപ്പു ലായനി. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ നൈസ് ആയി തെന്നിമാറുന്നവർക്കുള്ള പുതിയ പേര്. പ്രശ്‌നമുണ്ടാക്കിയിട്ട്, ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ 'കൈകഴുകി' മാറുന്നവരെ വിശേഷിപ്പിക്കാനും ഉപയോഗിക്കാവുന്ന പദം.
ഹോം ഡെലിവറി:
ഭാര്യയുടെ പ്രസവം ഭർതൃഗൃഹത്തിലാകുമ്പോൾ പുരുഷന്മാർ സുഹൃത്തുക്കളോട് പറയുന്നത്: ഇത്തവണ വൈഫിന് ഹോം ഡെലിവറിയാടേയ്. കൊറോണ കാരണം യാത്രാവിലക്ക് കർശനമായതുകൊണ്ട് ഈ സീസണിൽ 80 ശതമാനം ഭാര്യമാർക്കും 'ഹോം ഡെലിവറി' ആയിരുന്നു. ഭാരാഗൃഹത്തിലാണ് പ്രസവമെങ്കിൽ പുരുഷന്മാർ ഉപയോഗിക്കുന്ന പദം 'ഔട്ട്‌സോഴ്‌സ്.'
വൈറസ്: പുരാണത്തിൽ നാരദ മാമുനിയുടെ കൈയിലിരിപ്പ് എന്താണോ, അമ്മാതിരി ഏടാകൂടം കൈയിലുള്ളവരെ വിളിക്കുന്ന പേര്. കുഴപ്പക്കാരായ വൈറസുകളും അത്ര ദോഷകാരിയല്ലാത്ത വൈറസുകളുമുണ്ട്. എങ്കിലും മിക്കപ്പോഴും 'വൈറൽ' ആകുന്നത് ഹാംഫുൾ വൈറസുകളുടെ ചില കടുത്ത പ്രയോഗങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം വൈറസ് അറ്റാക്കുകൾ സർവസാധാരണം.
കൊറോണ വാർഡ്:
സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം മിക്ക വീടുകളിലും കുട്ടികളുടെ മുറിയുടെ അവസ്ഥ. 'എന്തോ ആയിക്കോട്ടെ' എന്നു വിചാരിച്ച് വീട്ടുകാർ ആ മുറിയങ്ങ് ഉപേക്ഷിച്ചുകളയും. സമയാസമയം വിളിച്ച് ഭക്ഷണം കൊടുക്കും. ഇടയ്ക്ക് സുഖവിവരം അന്വേഷിക്കാൻ പോലും വാതിൽ തുറന്ന് തല നീട്ടിക്കൊടുക്കില്ല.
നിരീക്ഷണം: കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്നയാൾക്ക് വിധിക്കപ്പെടുന്ന നല്ലനടപ്പ്. നടപ്പ് അനുവദിക്കുന്നത് വീടിനകത്തു മാത്രം. വായ്‌നോട്ടം എന്ന പ്രയോഗംകൊണ്ട് നേരത്തെ ഉദ്ദേശിച്ചിരുന്നത് എന്തു കർമ്മമാണോ, അതിന് ഇപ്പോൾ ഉപയോഗിക്കുന്ന പദം.
വിത്ത്ഡ്രാവൽ സിൻഡ്രം: ഫുൾഡേ പുറത്ത് കൂട്ടുകാർക്കൊപ്പം കറങ്ങിനടന്നിരുന്ന ഭർത്താവ് ഇപ്പോൾ പുറത്തിറങ്ങാൻ നിവൃത്തിയില്ലാതെ തൂങ്ങിപ്പിടിച്ച് ഇരിക്കുമ്പോൾ, ആ അവസ്ഥ വിശേഷിപ്പിക്കാൻ കൂട്ടുകാരികളോട് ഭാര്യ ഉപയോഗിക്കുന്ന പദം. ലോക്ക് ഡൗൺ പ്രോബ്‌ളം കാരണം ഹസ്ബന്റിന് വിത്ത്ഡ്രാവൽ സിന്‍ഡ്രം സിവിയർ ആണെന്നു പറയുന്നതിന്റെ പരിഭാഷ ഇങ്ങനെ: തെണ്ടാൻ പറ്റാത്തതുകൊണ്ട് ഇവിടെത്തന്നെ കുറ്റിയടിച്ച് ഇരുന്നോളും!
റൂട്ട് മാപ്പ്: ഭർത്താക്കന്മാരുടെ രഹസ്യ സഞ്ചാരങ്ങളെക്കുറിച്ചും മൊബൈൽ ചാറ്റിംഗിനെക്കുറിച്ചും പറയുന്നതിനിടെ ഭാര്യമാർ ഉപയോഗിക്കുന്ന പദം. ഉദാഹരണം: 1. കുറേ ദിവസമായി നിങ്ങടെ റൂപ്പ് മാപ്പ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്, 2. ചാറ്റിംഗിന്റെ റൂട്ട് മാപ്പ് ഞാൻ കാണുന്നുണ്ട്...
ശാരീരിക സമ്പർക്കം:
വൈറസ് ബാധയേറ്റ വ്യക്തിയുടെ കൈവിരലിൽപ്പോലും അബദ്ധത്തിൽ സ്പര്‍ശിച്ചു പോയാൽ അതിനു പറയാവുന്നത്. കൊറോണക്കാലത്തിനു മുമ്പ് ഇതിന് മറ്റൊരു അപകടകരമായ അർത്ഥമായിരുന്നു. അതുമായി കൊറോണക്കാലത്തെ സമ്പർക്കത്തിന് ബന്ധമില്ല. സൂക്ഷിച്ചു മാത്രം പ്രയോഗിക്കേണ്ട പദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |