തിരുവനന്തപുരം: അബ്ദുൾ അസീസിന് കൊറോണരോഗം ബാധിച്ചതെങ്ങനയെന്ന് അറിയാതെ വിഷമിക്കുകയാണ് ആരോഗ്യപ്രവർത്തകരും ബന്ധുക്കളും. ഈ മാസം പതിനെട്ടിനാണ് പനിയും ജലദോഷവുമായി അദ്ദേഹം വേങ്ങോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയത്. പരിശോധനയ്ക്കുശേഷം അഞ്ചുദിവസം കഴിക്കാനുള്ള മരുന്നുനൽകി വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു. പക്ഷേ, രോഗം ഭേദമാകാത്തതിനാൽ അബ്ദുൾ അസീസ് ഇരുപത്തിമൂന്നിന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് കൊറോണബാധയെന്ന് സംശയം തോന്നിയതും അവിടത്തെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതും.
അബ്ദുൾ അസീസിന്റെ മൂന്ന പെൺമക്കളിൽ ഒരു മകൾ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറാണ്. ഇവർ അബ്ദുൾ അസീസിനൊപ്പമാണ് താമസിക്കുന്നത്. രാവിലെ മകളെ ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നതും വൈകുന്നേരം വിളിച്ചുകൊണ്ടുവരുന്നതും അബ്ദുൾ അസീസാണ്. 17,19 തീയതികളിൽ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നു.
നാട്ടിലെ അറിയപ്പെടുന്ന ഒരു മരച്ചീനി കർഷകനായ അബ്ദുൾ അസീസിന്റെ പക്കൽ നിന്ന് നിവരധിപേർ മരച്ചീനി വാങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. നാട്ടിലെ എല്ലാ പരിപാടികളിലും അബ്ദുൾ അസീസ് സജീവ സാന്നിദ്ധ്യമാണ്. അതിനാൽ ആരെല്ലാം ഇദ്ദേഹത്തോട് ഇടപഴകിയിട്ടുണ്ടെന്ന് കണ്ടെത്തുക ദുഷ്കരമാണെന്നാണ് അധികൃതർ പറയുന്നത്. അബ്ദുൾ അസീസിന്റെ ഭാര്യ കുടുംബശ്രീയുടെ സജീവപ്രവർത്തകയുമാണ്.
മാർച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങിൽ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാർച്ച് 20 വരെ ഇദ്ദേഹം പള്ളിയിൽ പോയിട്ടുണ്ട്.ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നിദ്ദേശിച്ചിട്ടുണ്ട്.സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. സംശയം തോന്നുന്ന എല്ലാവർക്കും പരിശോധനനടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |