റോം: ഇറ്റലിയിൽ കൊറോണ മരണം 11,592 ആയി. ഇറ്റലിയിലെ സ്ഥിതിയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുമോ എന്ന ഭയത്തിലാണ് ആരോഗ്യ സംഘടനകൾ. ഇറ്റലിയിൽ കൊറോണയെ നിയന്ത്രിക്കാൻ നിലവിലുള്ള നടപടികൾക്ക് മാറ്റം വരുത്തണമെന്നാണ് ഗവേഷകർ പറയുന്നത്. ലോകത്ത് ഇതേ വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത് ഇറ്റലിയിലാണ്.
ലോക്ക്ഡൗണിൽ തുടരുകയാണെങ്കിലും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പ്രതിദിനം റിപ്പോർട്ട് ചെയ്തത് 5000ത്തിലേറെ കേസുകളാണ്. അഞ്ച് ആഴ്ചയായി ഇറ്റലിയെ വിറപ്പിക്കുന്ന കൊറോണ ഇതേവരെ 101,739 പേരെയാണ് ബാധിച്ചത്. 3000 ത്തിലേറെ പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ മരിച്ചത് 812 പേരും. മരണ നിരക്ക് ഇറ്റലിയിൽ വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,590 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നുള്ളത് അല്പം ആശ്വാസം പകരുന്നുണ്ട്. ഇതാദ്യമായാണ് ഇറ്റലിയിൽ ഒരൊറ്റ ദിവസം ഇത്രയും പേർ രോഗവിമുക്തരാകുന്നത്.
ചെറിയ ലക്ഷണങ്ങളുള്ളവരോട് വീടുകളിൽ ഐസൊലേറ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇവരിൽ നിന്നും വീട്ടിലുള്ള മറ്റുള്ളവരിലേക്കും രോഗം പടരുന്നതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നു. ചെറിയ ലക്ഷണമുള്ളവരെ പോലും വീട്ടിൽ പോകാൻ അനുവദിക്കാതെ സർക്കാർ കേന്ദ്രങ്ങളിൽ ഐസൊലേറ്റ് ചെയ്യണമെന്നും ഡോക്ടർമാർ പറയുന്നു. ഇറ്റലിയുടെ തെക്കൻ മേഖലകളിലാണ് വൈറസ് വ്യാപനം ഇപ്പോൾ കൂടുതലായി പ്രകടമാകുന്നത്.
സിസിലി ദ്വീപിൽ കവർച്ചാ സംഘങ്ങൾ സോഷ്യൽ മീഡിയയിലൂടെ കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരുവുകളിൽ പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ബോട്ട് സർവീസുകൾ താത്കാലികമായി നിറുത്തിയതോടെ സിസിലിയിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്. വരും ദിവസങ്ങൾ ഇറ്റലിയ്ക്ക് ഏറെ നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |