തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ അടിയന്തര യാത്രകൾക്കായി ഓൺലൈൻ സംവിധാനത്തിലൂടെ ലഭിച്ച അപേക്ഷകളിൽ ഭൂരിഭാഗത്തിലും യാത്രയുടെ ആവശ്യം തൃപ്തികരമല്ലെന്ന് പൊലീസ്. 62,876 അപേക്ഷകളാണ് ഇന്നലെ ലഭിച്ചത്. ഇതിൽ 44,618 എണ്ണവും അടിയന്തര ആവശ്യമല്ലെന്ന് കണ്ടതിനെത്തുടർന്ന് നിരസിച്ചു. 10,707 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്. 7,553 അപേക്ഷകളിൽ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ നിരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയെന്നും പൊലീസ് കർശന നിലപാട് എടുക്കണമെന്നും മുഖ്യമന്ത്റി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് പൊലീസ് നിലപാട് കടുപ്പിച്ചത്. ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയെങ്കിലും പേപ്പറിൽ സത്യവാങ്മൂലം നൽകുന്ന രീതിയും തുടരുന്നുണ്ട്. ആഴ്ചയിൽ പരമാവധി 3 തവണ മാത്രമേ ഒരാൾക്ക് സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര നടത്താനാവൂ.
ഓൺലൈൻ പാസിന് അപേക്ഷ ഇങ്ങനെ
പൊലീസിന്റെ വെബ്സൈറ്റിൽ 'Affidavit' എന്നതിനു താഴെ പേര്, വിലാസം, വാഹത്തിന്റെ റജിസ്ട്രേഷൻ നമ്പർ, പോകേണ്ട സ്ഥലം, തീയതി, സമയം, മൊബൈൽ നമ്പർ തുടങ്ങിയവയ്‌ക്കൊപ്പം യാത്രക്കാരന്റെ ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക. വിവരങ്ങൾ പൊലീസ് കൺട്രോൾ സെന്റർ അംഗീകരിച്ചാൽ എസ്.എം.എസ് ആയി ലഭിക്കുന്ന ലിങ്കിൽ നിന്നും സത്യവാങ്മൂലം പൊലീസിനെ കാണിക്കണം. അവശ്യ സർവീസുകൾക്ക് വെഹിക്കിൾ പാസിന് വെബ്സൈറ്റിൽ 'Pass' എന്നതിനു ചുവടെ യാത്രക്കാരന്റെ ഡിപാർട്ട്‌മെന്റ്, ചിത്രം, ഒപ്പ്, ഔദ്യോഗിക ഐഡി കാർഡ് എന്നിവ അപ്‌ലോഡ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |