ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനും ഫണ്ട് സ്വരൂപിക്കാൻ എം.പിമാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനും പ്രാദേശിക വികസന ഫണ്ട് രണ്ടു വർഷത്തേക്ക് മരവിപ്പിക്കാനുമുള്ള തീരുമാനത്തോടെ, കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക നടപടികൾക്ക് തുടക്കമിട്ടു.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ മുഴുവൻ എം.പിമാരുടെയും പ്രതിമാസ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറയ്‌ക്കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അതേസമയം, എം.പിമാരുടെ വികസന ഫണ്ടിന് രണ്ടു വർഷത്തെ വിലക്ക് ഏപ്പെടുത്തിയതോടെ രാജ്യത്ത് പ്രാദേശിക വികസനം പാടെ നിലയ്‌ക്കും.
നിലവിൽ എം.പിമാരുടെ ശമ്പളം പ്രതിമാസം ഒരുലക്ഷം രൂപയാണ്. 30% വെട്ടിക്കുറവ് കഴിഞ്ഞ് 70,000 രൂപ മാത്രമായിരിക്കും ഈ മാസം മുതൽ അടുത്ത ഏപ്രിൽ വരെ പ്രതിമാസം എം.പിമാർക്ക് ലഭിക്കുക. ശമ്പളത്തിൽ കുറവു വരുത്താൻ, എം.പിമാരുടെ വേതനവുമായി ബന്ധപ്പെട്ട 1954- ലെ സാലറി, അലവൻസ്, പെൻഷൻ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനും മന്ത്രിസഭാ യോഗം അനുമതി നൽകി. രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സംസ്ഥാന ഗവർണർമാരും മാസ ശമ്പളം 30% വെട്ടിക്കുറയ്‌ക്കാൻ സമ്മതപത്രം നൽകിയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
ഓരോ വർഷവും അഞ്ചു കോടി രൂപയാണ് എം.പിമാരുടെ വികസന ഫണ്ട്. ഇത് രണ്ടു വർഷത്തേക്ക് (2020-2021, 2021-2022) മരവിപ്പിക്കുന്നതോടെ ഈ കാലയളവിൽ ഓരോ പാർലമെന്റ് മണ്ഡലത്തിലും 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് തടസ്സപ്പെടുക. ഇതുവഴി 7900 കോടി രൂപ കേന്ദ്ര സർക്കാരിന് കൊവിഡ് പ്രതിരോധ നിധിയിലേക്ക് മുതൽക്കൂട്ടാനാകും.
സിറ്റിംഗ് എം.പിമാർ:
ലോക് സഭ: 542
രാജ്യസഭ: 238
ഒരു മാസം ലാഭം: 2.34 കോടി
രാഷ്‌ട്രപതിയുടെ ശമ്പളം: അഞ്ചു ലക്ഷം
കുറയ്‌ക്കുന്നത്: ഒന്നര ലക്ഷം
ഉപരാഷ്‌ട്രപതിയുടെ ശമ്പളം: നാലു ലക്ഷം
കുറയ്‌ക്കുന്നത്: 1.20 ലക്ഷം
ഗവർണറുടെ ശമ്പളം: മൂന്നര ലക്ഷം
കുറയ്‌ക്കുന്നത്: 1.05 ലക്ഷം
എംപി ഫണ്ട് വർഷം 5 കോടി
സ്വന്തം മണ്ഡലത്തിൽ അല്ലെങ്കിൽ ജില്ലയിൽ പ്രാദേശിക വികസനത്തിനായി എം,പിമാർക്ക് ജില്ലാ കളക്ടർമാർ മുഖനെ വിനിയോഗിക്കാനുള്ള ഫണ്ട്. വിഹിതം പ്രതിവർഷം അഞ്ചു കോടി രൂപ. രണ്ടര കോടിയുടെ രണ്ടു ഗഡുക്കളായാണ് കേന്ദ്ര സർക്കാർ പണം അനുവദിക്കുക. രാജ്യസഭാംഗത്തിന് താൻ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ തുക ചെലവഴിക്കാം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗത്തിന് ഏതു സംസ്ഥാനത്തെയും ഒന്നിലധികം ജില്ലകൾ തിരഞ്ഞെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |