കരുത്തായി ഫാർമ, ബാങ്കിംഗ് ഓഹരികളുടെ കുതിപ്പ്
സെൻസെക്‌സ് 2,467 പോയിന്റും നിഫ്‌റ്രി 708 പോയിന്റും മുന്നേറി
കൊച്ചി: ആഗോള ചലനങ്ങളുടെ ചുവടുപിടിച്ചും ബാങ്കിംഗ്, ഫാർമ ഓഹരികളെ കരുത്താക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഏകദിന നേട്ടത്തിലേക്ക്. 2,467 പോയിന്റ് (8.97 ശതമാനം) മുന്നേറിയ സെൻസെക്‌സ് 30,067ലും നിഫ്‌റ്റി 708 പോയിന്റ് (8.76 ശതമാനം) കുതിപ്പുമായി 8,792ലുമാണുള്ളത്.
13 ആക്‌ടീവ് ഫാർസ്യൂട്ടിക്കൽ ഇൻഗ്രേഡിയന്റ്‌സിന്റെ (എ.പി.ഐ) കയറ്റുമതിയിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതാണ് ഓഹരികളുടെ മുന്നേറ്റത്തിന് മുഖ്യ ആവേശമായത്. നിഫ്‌റ്റി ഫാർമ സൂചിക ഇന്നലെ കുതിച്ചത് 10 ശതമാനത്തിനുമേലാണ്. കാഡില ഹെൽത്ത് കെയർ, ഡോ. റെഡ്ഡീസ് ലാബ്, ഓറോബിന്ദോ ഫാർമ, സിപ്ള, ല്യുപിൻ, സൺ ഫാർമ തുടങ്ങിയവ എട്ടു മുതൽ 15 ശതമാനം വരെ നേട്ടമുണ്ടാക്കി.
റിലയൻസ് ഇൻഡസ്‌ട്രീസ് (12.31%), ആക്‌സിസ് ബാങ്ക് (20.39%) ഇൻഡസ് ഇൻഡ് ബാങ്ക് (24.84%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (14.01%), ഐ.സി.ഐ.സി.ഐ ബാങ്ക് (13.26%) തുടങ്ങിയവയും പിന്തുണയേകി. ബജാജ് ഫിനാൻസ് ആറു ശതമാനം നഷ്‌ടം രുചിച്ചു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്‌തിയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 4,750 കോടി രൂപയുടെ കുറവുണ്ടായെന്ന റിപ്പോർട്ടാണ് വലച്ചത്.
വിദേശ നിക്ഷേപകരല്ല (എഫ്.പി.ഐ) ആഭ്യന്തര നിക്ഷേപകരാണ് (ഡി.ഐ.ഐ) ഏറ്റവുമധികം ഓഹരികൾ വാങ്ങിക്കൂട്ടുന്നത്. കേന്ദ്രസർക്കാർ ഘട്ടംഘട്ടമായി ലോക്ക് ഡൗൺ പിൻവലിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട് ഇവർക്ക്. അമേരിക്ക, യൂറോപ്പ്, ഏഷ്യ ഓഹരി വിപണികളിലുണ്ടായ നേട്ടവും സ്വാധീനിച്ചു. യൂറോപ്പിൽ കൊവിഡ്-19 വ്യാപനം അല്പം ശമിച്ചതാണ് നിക്ഷേപകർക്ക് ആശ്വാസമായത്.
സെൻസെക്‌സിന്റെ
മുന്നേറ്റങ്ങൾ
(ഏറ്രവും ഉയർന്ന ഏകദിന നേട്ടം പോയിന്റിൽ)
രൂപയ്ക്കും ആശ്വാസം
ഡോളറിനെതിരെ രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 55 പൈസയുടെ നേട്ടവുമായി 75.63ൽ. ഫോറെക്‌സ് മാർക്കറ്രിന്റെ വ്യാപാരസമയം റിസർവ് ബാങ്ക് വെട്ടിക്കുറച്ചതും ഓഹരി വിപണികളുടെ നേട്ടവുമാണ് രൂപയ്ക്ക് കരുത്തായത്.
₹7.94 ലക്ഷം കോടി
ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ വർദ്ധന 7.94 ലക്ഷം കോടി രൂപയാണ്. ആകെ മൂല്യം 116.38 ലക്ഷം കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |