ന്യൂഡൽഹി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്ര കടുത്ത ആശങ്കയിൽ. ഇന്നലെ 25 കാരനും 35കാരനുമാണ് പുതുതായി രോഗ ബാധയുണ്ടായത്. ധാരാവിയിൽ 3000ത്തോളം പേരാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. 1078 കേസുകളുണ്ട്. മരണം 69.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഏറെയുള്ള ധാരാവിയിൽ 15 ലക്ഷത്തോളം പേരാണ് താമസിക്കുന്നത്.
ജോലി നഷ്ടപ്പെടുമെന്നതും നിരീക്ഷണത്തിലേക്ക് മാറ്റുന്നതിലും പ്രദേശവാസികൾക്ക് ഭയമുള്ളതിനാൽ പലരും അവരുടെ യാത്രാവിവരങ്ങൾ വെളിപ്പെടുത്താൻ മടിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. അതിനാൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനും ഏറെ പ്രയാസപ്പെടുകയാണ്. ചെറിയ കൂരകളിൽ പത്തുപേരോളം താമസിക്കുന്ന സ്ഥിതിയാണ്. അവർക്ക് ഏറെ നേരം വീട്ടിനുള്ളിൽ തന്നെ കഴിയുക പ്രയാസമാണ്. 80 പേർക്ക് ഒരു പൊതു ടോയ്‌ലറ്റ് എന്ന നിലയിലാണ് കാര്യങ്ങൾ. അതിനാൽ ധാരാവിയിൽ കൊവിഡ് വ്യാപനം തടയുക എന്നത് വലിയ വെല്ലുവിളിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ലോക് ഡൗൺ അവസാനിച്ചാൽ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുമെന്നതും കടുത്ത വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |