750 ലധികം സിനിമയിൽ വേഷമിട്ടു
രാജ്യം പദ്മശ്രീ നൽകി ആദരിച്ചു
ഹൈദരാബാദ്: മുതിർന്ന നടനും മുൻ ബി.ജെ.പി എം.എൽ.എയുമായ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. മൂന്ന് ദിവസം മുമ്പായിരുന്നു ജന്മദിനം. കന്നട,മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 750ലേറെ സിനിമകളിൽ വേഷമിട്ടു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2015ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി ഉൾപ്പെടെയുള്ളവർ ദുഃഖം അറിയിച്ചു.
1942 ജൂലായ് 10ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള കങ്കിപാടുവിലാണ് ശ്രീനിവാസ റാവുവിന്റെ ജനനം.
സയൻസിൽ ബിരുദം നേടിയ അദ്ദേഹം കോളേജ് കാലത്ത് നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്തു.
1978ൽ പ്രണം ഖരീദു എന്ന തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ചു. വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കൃഷ്ണം വന്ദേ ജഗദ്ഗുരം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന, നന്ദി അവാർഡുകളുൾപ്പെടെ ലഭിച്ചു. പ്രതിഘാതന (1985), ഗായം (1993), തീർപ്പ് (1994), ലിറ്റിൽ സോൾജേഴ്സ് (1996), ഗണേഷ് (1998), ചിന്ന (2001), പൃഥ്വി നാരായണ (2002) തുടങ്ങി നിരവധി സിനിമകളിലെ അഭിനയത്തിന് പ്രശംസ ലഭിച്ചു.1999 മുതൽ 2004 വരെ ആന്ധ്രയിലെ വിജയവാഡ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു. ഭാര്യ രുക്മിണി റാവു. അഭിനേതാവായ മകൻ കോട്ട വെങ്കട ആഞ്ജനേയ പ്രസാദ് 2010ൽ റോഡപകടത്തിൽ മരിച്ചു. പല്ലവി, പവനി എന്നിവരാണ് മറ്റ് മക്കൾ.
മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം
മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ ദി ട്രെയിൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അഭിനയിച്ചത്. യോഗേഷ് തിവാരി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സാമി, തിരുപ്പാച്ചി, കൊ തുടങ്ങി 30ഓളം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ഗായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |