തിരുവള്ളൂർ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലുമായി പോയ ചരക്ക് ട്രെയിനിലുണ്ടായ തീപിടിത്തം അട്ടിമറിയന്ന് സംശയം. അപകടത്തിൽ ആളപായമില്ല. 18 ബോഗികൾ കത്തിനശിച്ചു. മൂന്ന് ബോഗികൾ പാളം തെറ്റി. മണലി ഹാൾട്ടിൽ നിന്ന് തിരുപ്പതിയിലേക്ക് വന്ന ട്രെയിനിലാണ് തീ പടർന്നത്. 27,000 ലിറ്റർ ഡീസലാണ് ബോഗികളിലുണ്ടായിരുന്നത്.
ട്രെയിൻ പാളം തെറ്റിയതിന് നൂറു മീറ്റർ പരിധിയിലാണ് വിള്ളൽ കണ്ടെത്തിയത്. ഈ വിള്ളലാണ് പാളം തെറ്റാൻ കാരണമെന്നും പിന്നാലെ തീ പിടിച്ചെന്നുമാണ് കരുതുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. നേരത്തെ പാളത്തിൽ വിള്ളൽ ഉണ്ടായിരുന്നോ എന്നടക്കം അന്വേഷിക്കും. അപകടസമയം തൊട്ടടുത്ത ട്രാക്കിലൂടെ മംഗളൂരു മെയിൽ കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ പുലർച്ചെ 5.30ന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. റെയിൽവേ പൊലീസ് അന്വേഷണമാരംഭിച്ചു. പൊട്ടിത്തെറി സാദ്ധ്യതയുള്ളതിനാൽ രണ്ട് കിലോമീറ്റർ പരിധിയിലുള്ള ആളുകളെ ഒഴിപ്പിച്ചു.
തീയണച്ചത് ഏഴ് മണിക്കൂറെടുത്ത്
പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകൾ ഏഴ് മണിക്കൂറെടുത്താണ് തീയണച്ചത്. സംഭവത്തെത്തുടർന്ന് തിരുവള്ളൂർ വഴിയുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിനുകൾ ചെന്നൈ സെൻട്രൽ സ്റ്റേഷന് മുമ്പ് സർവീസ് അവസാനിപ്പിക്കും. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
വഴിയിൽ കുടുങ്ങിയ യാത്രക്കാർക്കായി ബസുകളെത്തിച്ചെന്ന് അധികൃതർ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് സൂപ്രണ്ട് എ. ശ്രീനിവാസ പെരുമാൾ പറഞ്ഞു. മന്ത്രി എസ്.എം. നാസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |