കൊല്ലം: 'ആയിരം രൂപ എന്തിന് തികയും സർ' ? ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന കശുഅണ്ടി തൊഴിലാളികളുടെ ചോദ്യമാണിത്. വെറുതെ പണം വേണ്ട, ഫാക്ടറികൾ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും തുറന്ന് പ്രവർത്തിപ്പിച്ച് ചെയ്യുന്ന ജോലിക്കുള്ള കൂലി തന്നാൽ മതിയെന്നാണ് കശുഅണ്ടി തൊഴിലാളികൾ പറയുന്നത്.
മറ്റു പല തൊഴിലാളികൾക്കും 5000 രൂപ വരെ സഹായം പ്രഖ്യാപിച്ചപ്പോഴാണ് മാസങ്ങളായി ജോലി ഇല്ലാത്ത കശുഅണ്ടി തൊഴിലാളികൾക്കുള്ള ധന സഹായം സർക്കാർ ആയിരം രൂപയിലൊതുക്കിയത്. കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ ഫെബ്രുവരി ആദ്യവാരത്തിലും കാപ്പെക്സ് ഫാക്ടറികൾ മാർച്ച് ആദ്യവും അടഞ്ഞതാണ്. ജില്ലയിലെ 70 ശതമാനത്തോളം സ്വകാര്യ ഫാക്ടറികൾ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. തുറന്ന് പ്രവർത്തിക്കുന്ന 30 ശതമാനത്തോളം സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികളുടെ ജീവിതത്തിലേക്ക് ഇരുട്ടടി പോലെയാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നുകയറിയത്.
മറ്റ് തൊഴിലാളികളെപ്പോലെയല്ല, കശുഅണ്ടി തൊഴിലാളികളിലധികവും മാറാരോഗികളാണ്. അവർക്കീ രോഗങ്ങൾ കശുഅണ്ടി ഫാക്ടറികൾ തന്നെ സമ്മാനിച്ചതാണ്. ഇ.എസ്.ഐ ഡിസ്പെൻസറികളിൽ ചെന്നാൽ മരുന്നുണ്ടാകില്ല. സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് മരുന്ന് വാങ്ങുന്നത്. പല തൊഴിലാളികൾക്കും ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ പ്രശ്നമില്ല. പക്ഷെ ഒരു നേരം മരുന്ന് മുടക്കാനാവില്ല. അത്രയും ദയനീയമാണ് പലരുടെയും ആരോഗ്യ സ്ഥിതി.
സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ തൊഴിലാളികൾക്ക് ഒരാഴ്ചത്തെ മരുന്നിന് പോലും തികയില്ല. സൗജന്യ റേഷൻ ഒരാഴ്ച കഞ്ഞിവയ്ക്കാനേ ഉണ്ടായിരുന്നുള്ളു. പലചരക്ക് കടയിലെ പറ്റ് ബുക്ക് നിറഞ്ഞു. നാട്ടിൽ കടം ചോദിക്കാനും ഇനി ആളില്ലാത്ത അവസ്ഥയാണ്.
"
വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് നാലാഴ്ചയാകുന്നു. വീട്ടുകാരന് കൂലിപ്പണിയാണ്. ഇപ്പോൾ പണിക്ക് പോകാനാകുന്നില്ല. റേഷൻ കിട്ടിയതിനാൽ കഞ്ഞി കുടിച്ച് കിടന്നു. അതും തീർന്നു. കിറ്റ് തരുമെന്ന് പറഞ്ഞിട്ട് ഇതുവരെ കിട്ടിയില്ല. ആയിരം രൂപ കൊണ്ട് ഞങ്ങൾ എന്ത് ചെയ്യും. ഒരാഴ്ചത്തേക്കുള്ള ആഹാര സാധനം വാങ്ങാൻ പോലും തികയില്ല.
സി. വിജയലക്ഷ്മി, , കടവന തെക്കതിൽ,
രണ്ടാംകുറ്റി (കാഷ്യു കോർപ്പറേഷൻ തൊഴിലാളി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |