ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി തിരിച്ചെത്തിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫിലുള്ളതെന്നും ഭൂരിഭാഗവും ചെറുകിട ജോലി ചെയ്യുന്നവരാണെന്നും അഭിഭാഷകൻ ജോസ് എബ്രഹാം സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സൗദിയിൽ അടക്കം കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാർക്ക് ചികിത്സ നിഷേധിക്കുകയാണ്. ലോക്ക് ഡൗണിനെത്തുടർന്ന് നിർമ്മാണത്തൊഴിലാളികളടക്കം ജോലി ഇല്ലാതെ തിങ്ങിഞെരുങ്ങി ലേബർ ക്യാമ്പുകളിൽ കഴിയുകയാണ്. കുടിവെള്ളത്തിനും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് പല ലേബർ ക്യാമ്പുകളിലും. കൃത്യമായ ഐസൊലേഷനിൽ പോകാനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ തൊഴിലാളികൾ രോഗഭീതിയിലാണ്. അതിനാൽ കേന്ദ്ര ഇടപെടൽ ഉടനുണ്ടാകണം.
കൊവിഡ് സ്ഥിരീകരിച്ച് ഗൾഫിലുള്ള തൊഴിലാളികൾക്ക് കൃത്യമായ ചികിത്സ, ഭക്ഷണം, താമസസൗകര്യം എന്നിവ ഒരുക്കാൻ എംബസി വഴി നടപടി സ്വീകരിക്കണം. വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ത്യയിലെ ഡോക്ടർമാരും മനശാസ്ത്രജ്ഞരും തൊഴിലാളികൾക്ക് നിർദേശങ്ങൾ നൽകാൻ സൗകര്യമൊരുക്കണം. ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |