കോട്ടയം: മറുനാട്ടിൽ നിന്നുള്ള വരവ് നിലച്ചതിനാൽ ബക്രീദ് ലക്ഷ്യംവച്ച് വളർത്തിയ കാലികൾ ഈസ്റ്റർദിനമായ ഇന്ന് തീൻമേശയിൽ നിരക്കും. ഈസ്റ്റർ പ്രമാണിച്ച് മദ്ധ്യകേരളത്തിൽ ബീഫിനുള്ള ഡിമാൻഡ് മുന്നിൽക്കണ്ടാണ് കച്ചവടക്കാർ കാലികളെ നാട്ടിൽനിന്നുതന്നെ വാങ്ങിയത്. ഇന്നലെ ഇറച്ചിക്കടകൾക്കു മുന്നിൽ നീണ്ട ക്യൂവായിരുന്നു. പന്നിക്കും കോഴിക്കും താറാവിനും ഡിമാൻഡ് കൂടിയിട്ടുണ്ടെങ്കിലും തങ്ങൾക്ക് കാര്യമായ വില കിട്ടിയിട്ടില്ലെന്ന് കർഷകർ പറയുന്നു.
തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഈസ്റ്ററിന് ഏറ്റവും കൂടുതൽ ഇറച്ചി വേണ്ടത്. മൂന്ന് ദിവസം മുൻപ് കമ്പം, കമ്പംമെട്ട് എന്നിവിടങ്ങളിൽ നിന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേക്ക് 14 ലോഡ് കാലികളെ എത്തിച്ചു. കൊവിഡ് ഭീഷണിമൂലം തമിഴ്നാട്ടിലെ കാലിച്ചന്തകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ജെല്ലിക്കെട്ട് കാളയും പശുവും അടക്കം ഇക്കുറി വിപണിയിലുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പോത്തിനാണ് ആവശ്യക്കാരെന്നതിനാൽ ബക്രീദിന് അറുക്കാനായി വളർത്തിയവയെ കൂടുതൽ പണം കൊടുത്ത് വാങ്ങുകയായിരുന്നെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. തൃശൂർ, എറണാകുളം ജില്ലകളിലേക്ക് മലബാറിൽനിന്ന് കാലികളെ എത്തിച്ചു. സംസ്ഥാനത്തെ മൊത്തം ആവശ്യത്തിന്റെ 70 ശതമാനം ബീഫേ ലഭ്യമാക്കിയിട്ടുള്ളൂ. കിലോയ്ക്ക് 40 രൂപവരെ കൂടിയിട്ടുണ്ട്. പഴകിയ മത്സ്യം പിടിച്ചെടുത്തതോടെ മീനിന് ആവശ്യക്കാരില്ലാതായി. ലോക്ക് ഡൗണിന് മുൻപ് 40 രൂപവരെയായ കോഴിവില ഇന്നലെ 135ലെത്തി. താറാവിന് 300 രൂപ വരെ ഈടാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |