തിരുവനന്തപുരം: 'സ്റ്റേ ഹോം' കാലത്തെ ബോറടി മാറ്റാനും നാടിന്റെ ദുരിതത്തിന് സഹായമാകാനുമായി തങ്ങളുടെ അഭിരുചികളെ മിനുക്കിയെടുക്കുകയാണ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾ പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച കരകൗശല ഉത്പന്നങ്ങൾ ഓൺലൈനിൽ വില്പന നടത്തി ആ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുകയാണ് ലക്ഷ്യം.
അപ്രതീക്ഷിതമായി വീണുകിട്ടിയ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ കോളേജ് യൂണിയൻ ഭാരവാഹികൾ കണ്ടെത്തിയ മാർഗമാണ് ഇവർക്ക് പ്രചോദനമാകുന്നത്. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ശില്പങ്ങൾ, ബാഗുകൾ, പെൻഹോൾഡർ മുതലായവ നിർമ്മിക്കുക എന്ന കർത്തവ്യമാണ് ഇവർക്ക് നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ സൃഷ്ടികൾ ഓൺലൈനിൽ ലേലത്തിനു വയ്ക്കുകയും അതിൽ നിന്നു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുമാണ് യൂണിയന്റെ തീരുമാനം. കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ നീണ്ടുപോകുന്ന നീറ്റ്, യു.ജി പരീക്ഷകൾ പോലെ ഓൺലൈനിൽ ഒരു മോക്ക് എക്സാം നടത്താനും പരിപാടിയുണ്ട്. അതിൽ പങ്കെടുക്കണമെങ്കിലും ദുരിതാശ്വാസ നിധിയിൽ തുക അടച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള മറ്റൊരു വിനോദമാണ് ഓൺലൈൻ ക്വിസ് പ്രോഗ്രാം. കോളേജ് കാമ്പസിലെ ഏതെങ്കിലും ഒരു കോണിലെ ചിത്രം ഇൻസ്റ്റാഗ്രാമിലോ ഫേസ് ബുക്കിലോ പോസ്റ്റ് ചെയ്യും. അതെവിടെയാണെന്ന് ശരിയുത്തരം രണ്ടാമത് നൽകുന്നയാൾക്കാണ് സമ്മാനം ലഭിക്കുന്നത്. രണ്ടാമന് ഒരു രൂപ ഗൂഗിൾ പേ വഴി അയച്ചുകൊടുക്കും. അടുത്ത ചോദ്യത്തിനും അയാൾ ഉത്തരം നൽകിയാൽ സമ്മാനത്തുക ഇരട്ടിക്കും. അങ്ങനെ വീട്ടിലെ 'തടവറക്കാലം' ആഘോഷമാക്കുകയാണ് വിദ്യാർത്ഥികൾ. ഒപ്പം നാടിനൊരു കൈ സഹായവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |