തിരുവനന്തപുരം: വിവാദങ്ങൾ പോരാട്ടങ്ങളെ ദുർബലമാക്കുകയേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിനിടെ സ്‌പ്രിൻക്ളർ വിവാദം ഉയർത്തി മുതലെടുപ്പിന് ശ്രമിക്കുന്ന പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം .ബുദ്ധിമാന്മാർ പ്രതികൂല സാഹചര്യത്തിൽ കരഞ്ഞുകൊണ്ടിരിക്കുകയല്ല,അവയെ മറികടക്കാൻ ആവേശപൂർവം ശ്രമിക്കുകയാണ് ചെയ്യുകയെന്ന വിഖ്യാത നാടകകൃത്ത് വില്യം ഷേക്‌സ്പിയറുടെ വാചകവും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉദ്ധരിച്ചു.
ലെനിന്റെ ഓർമ്മദിനം
വലിയൊരു പാഠം
ലെനിന്റെ 150-ാമത് ജന്മദിനമാണിത്. അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ പറയുന്നതിൽ സാംഗത്യമുണ്ട്. മനുഷ്യരാശി കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു 1918ലെ സ്‌പാനിഷ് ഫ്ളൂ ലോകത്ത് 5 കോടി മനുഷ്യർക്കാണ് ജീവൻ നഷ്ടമായത്. മഹാമാരിയെക്കാൾ പല ലോകരാജ്യങ്ങളും പ്രാധാന്യം നൽകിയത് ഒന്നാംലോക മഹായുദ്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനായിരുന്നു. ലെനിനാണ് ആ ഘട്ടത്തിൽ മഹാമാരിയെ നേരിടാൻ ശത്രുത അവസാനിപ്പിക്കുകയെന്ന അന്താരാഷ്ട്ര ആഹ്വാനം നടത്തിയത്. എന്നാലതിനെ ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ഒരുവശത്തും ജർമ്മനിയും സഖ്യകക്ഷികളും മറുവശത്തും അവഗണിച്ച് തള്ളി. ലെനിന്റെ ആഹ്വാനപ്രകാരം യുദ്ധത്തെക്കാൾ പ്രാധാന്യം മഹാമാരിയെ നേരിടുന്നതിന് നൽകിയിരുന്നെങ്കിൽ സൈനികരടക്കം പതിനായിരക്കണക്കിന് പേർ മരിക്കുമായിരുന്നില്ല. ആ ചരിത്ര സംഭവം ലെനിന്റെ ഓർമ്മദിനത്തിൽ വലിയൊരു പാഠം നൽകുന്നു. അത് മറ്റെന്തിനെക്കാളും ഉപരിയായി കൊവിഡെന്ന ഇന്നത്തെ മഹാമാരിയെ നേരിടുന്നതിലാവണം . മനുഷ്യരാശിയെ സ്‌നേഹിക്കുന്നവർ ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനെ വഴിതിരിച്ചു വിടാനും ക്ഷീണിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഈ പോരാട്ടത്തെ ദുർബലപ്പെടുത്തുകയേയുള്ളൂ. അത് മനുഷ്യത്വപരമല്ല'-മുഖ്യമന്ത്രി പറഞ്ഞു
ഭൗമദിനത്തിന്റെ ഭാഗമായി കുട്ടികളുടെ രണ്ട് പുസ്‌തകങ്ങൾ മന്ത്രി ജി.സുധാകരന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |