ഒന്നാം ഘട്ടത്തിൽ ഒരാഴ്ചത്തെ യാത്രാ ഷെഡ്യൂൾ
ദൗത്യത്തിന് എയർ ഇന്ത്യ വിമാനങ്ങൾ,
12 രാജ്യങ്ങളിലക്ക് 64 സർവീസ്
ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗൺ മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനങ്ങളിലും കപ്പലുകളിലുമായി നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രാദൗത്യത്തിന് നാളെ തുടക്കം കുറിക്കും.നാളെ മാത്രം 10 വിമാനങ്ങളിൽ 2300 പ്രവാസികൾ എത്തും.
ഒരാഴ്‌ചകൊണ്ട് 64 വിമാനങ്ങളിൽ 14800 പേർ നാടണയും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 27 സർവീസുകളുണ്ട്. പതിനഞ്ച് സർവീസുകൾ നടത്തുന്ന കേരളത്തിലേക്കാണ് കൂടുതൽ വിമാനങ്ങൾ.14 കപ്പലുകളും ദൗത്യത്തിനുണ്ട്.
യാത്രാനുമതി ലഭിച്ചവരെ എംബസിയിൽ നിന്ന് അറിയിക്കും.
എയർ ഇന്ത്യ ഓഫീസുകളിൽ നിന്നോ വെബ്സൈറ്റ് മുഖാന്തരമോ ടിക്കറ്റെടുക്കണം. ഇതുവരെ രണ്ടുലക്ഷത്തോളം പ്രവാസികൾ അപേക്ഷിച്ചെന്നാണ് സൂചന.
വിമാനങ്ങൾ പുറപ്പെടുന്നത്
അബുദാബി, ദുബായ്, ഷാർജ , കുവൈറ്റ് സിറ്റി, റിയാദ്, ദമാം, ജിദ്ദ, ദോഹ, മസ്‌ക്കറ്റ്, മനാമ, ലണ്ടൻ, സിംഗപ്പൂർ, കൊലാലംപൂർ, ന്യൂയോർക്ക്, വാഷിംഗ്ടൺ, ചിക്കാഗോ, സാൻഫ്രാൻസിസ്‌കോ, മനീല.
യാത്രാ മുൻഗണന:
ഗർഭിണികൾ, ആരോഗ്യ പ്രശ്‌നമുള്ളവർ, ജോലി നഷ്‌ടമായവർ, മുതിർന്ന പൗരൻമാർ തുടങ്ങിയ ക്രമത്തിൽ.
നിബന്ധന
വിമാനത്താവളങ്ങളിലെ ഹെൽത്ത് കൗണ്ടറിൽ പനി, ചുമ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ എന്നിവ സംബന്ധിച്ച വിവരവും നാട്ടിലെ വിലാസവും ഫോൺ നമ്പരും നൽകണം. കൊവിഡ് രോഗഭീഷണി തുടങ്ങിയ സമയത്ത് വിമാനത്താവളങ്ങളിൽ നൽകിയ മാതൃകയിലുള്ള ഫോറമാണിത്.
ദൗത്യത്തിന് കപ്പലുകളും
നാവിക സേനയുടെ കപ്പുലുകളും പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തിന്റെ ഭാഗമാണ്. നേവിയുടെ ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് മഗർ, ഐ.എൻ.എസ് ഷാർദൂർ എന്നീ കപ്പലുകൾ യു.എ.ഇയിലേക്കും മാലിയിലേക്കും ഇന്നലെ പുറപ്പെട്ടു. 14 കപ്പലുകളാണ് ദൗത്യത്തിലുള്ളത്.
കമന്റ്
യാത്രക്കാരിൽ നിന്ന് വിമാന ടിക്കറ്റ് നിരക്ക് ഈടാക്കും. ഒന്നാം ഘട്ടത്തിൽ എയർ ഇന്ത്യ വിമാനങ്ങൾ മാത്രമാണ്. അടുത്ത ഘട്ടത്തിൽ സ്വകാര്യ കമ്പനികളുടെ വിമാനങ്ങളെ പരിഗണിക്കും.
ഹർദീപ് സിംഗ് പുരി
കേന്ദ്ര വ്യോമയാന മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |