ന്യൂഡൽഹി: വീടുകളിൽ മദ്യം എത്തിച്ചു നൽകുമെന്ന വ്യവസ്ഥയിൽ പഞ്ചാബിൽ ഇന്ന് മുതൽ മദ്യശാലകൾ തുറക്കും. ആവശ്യക്കാർ കടയിൽ വരണ്ടേന്നും ഫോണിൽ ബന്ധപ്പെട്ടാൽ രണ്ട് ലിറ്റർ വരെ മദ്യം വീട്ടിൽ എത്തിച്ച് നൽകുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഇതിനായി മദ്യശാലകൾക്ക് പ്രത്യേകം പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.
കർഫ്യൂവിൽ ഇളവുള്ള രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാകും കടകൾ പ്രവർത്തിക്കുക. കടയ്ക്കുള്ളിൽ ജീവനക്കാർ സാമൂഹിക അകലം ഉറപ്പാക്കണം. അഞ്ചിൽ കൂടുതൽ ജീവനക്കാരെ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കാനായി കടകൾക്ക് പുറത്ത് നിശ്ചിത അകലത്തിൽ കളങ്ങൾ വരയ്ക്കണം. വിതരണം ചെയ്യുന്നയാൾക്ക് കർഫ്യൂ പാസ്, തിരിച്ചറിയൽ രേഖ എന്നിവ ആവശ്യമാണ്. ഒപ്പം വിതരണത്തിന് ഉപയോഗിക്കുന്ന വാഹനത്തിനും ജില്ലാ അധികൃതരുടെ അനുമതി നിർബന്ധം. മദ്യത്തിന്റെ കള്ളക്കടത്ത് പരിശോധിക്കാൻ, വിതരണം ചെയ്യുന്ന വ്യക്തിയുടെ കൈവശം മദ്യത്തിന്റെ യഥാർത്ഥ ബില്ലുണ്ടാകണമെന്ന വ്യവസ്ഥയും സർക്കാർ നിർബന്ധമാക്കി. അതേസമയം, പഞ്ചാബ് നിർമിത മദ്യം (പി.എം.എൽ) വിതരണം ചെയ്യാൻ അനുമതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |