ന്യൂഡൽഹി:വന്ദേഭാരത് മിഷന്റെ നാലാം ദിവസമായ ഇന്നലെ വിമാനത്തിലും നാവികസേനയുടെ കപ്പലിലുമായി രാജ്യത്ത് തിരിച്ചെത്തിച്ചത് 2000 പേരെ. ഇന്നലെ മുംബയ് വിമാനത്താവളത്തിൽ 813 പേരെ എത്തിച്ചു. ബ്രിട്ടനിൽ നിന്ന് 329 പേരെയും സിംഗപൂരിൽ നിന്ന് 243 പേരെയും ഫിലിപ്പീൻസിലെ മനിലയിൽ നിന്ന് 241 പേരെയുമാണ് എത്തിച്ചത്. സൗദിയിലെ റിയാദിൽ നിന്ന് എയർ ഇന്ത്യയുടെ എ.ഐ 926 വിമാനത്തിൽ 139 യാത്രക്കാർ ഡൽഹിയിലുമെത്തി. ക്വലാലംപൂരിൽ നിന്ന് 179 യാത്രക്കാരെ എയർഇന്ത്യ എക്പ്രസിൽ കൊച്ചിയിലും 171 പേരുമായി മറ്റൊരു എയർഇന്ത്യ എക്സ്‌പ്രസ് വിമാനം കുവൈറ്റിൽ നിന്ന് ചെന്നൈയിലുമെത്തി. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ഖത്തറിന്റെ അനുമതി ലഭിക്കാത്തിനാൽ റദ്ദാക്കേണ്ടി വന്നു.
അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാനം സാൻഫ്രാൻസിസ്‌കോയിൽ നിന്ന് മുംബയിലേക്ക് തിരിച്ചു. ഇതിൽ 155 ഇന്ത്യക്കാരാണുള്ളത്. ഈ വിമാനം ഇന്ന് പുലർച്ചെ 4.45നാണ് എത്തേണ്ടത്.
വന്ദേഭാരത് മിഷന്റെ സമുദ്രസേതു മിഷനിൽ നാവികസേനയുടെ ഐ.എൻ.എസ്. ജലാശ്വയിൽ മാലദ്വീപിൽ നിന്ന് ഇന്നലെ 698 പേരെ കൊച്ചിയിലെത്തിച്ചു. മറ്റൊരു കപ്പലായ ഐഎൻഎസ് മഗറും ഉടനെത്തും.
ഉസ്ബക്കിസ്ഥാനിൽ നിന്ന് 21 ഇന്ത്യക്കാരെ ഉസ്ബക്ക് എയറിന്റെ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയിൽ കുടുങ്ങിയ ഉസ്ബെക്കിസ്ഥാൻ പൗരന്മാരെയും ഇന്ത്യ നൽകിയ മരുന്നുകളും വഹിച്ച് ഈ വിമാനം താഷ്‌കെന്റിലേക്ക് മടങ്ങി.
ഇന്ന് 9 സർവീസുകൾ
............
ബഹറിൻ (4.30) - കോഴിക്കോട് (11.20)
ക്വലാലംപൂർ (8.20)- ചെന്നൈ (21.40)
ദുബായ് (2.45)- കൊച്ചി (8.10)
സാൻഫ്രാൻസിസ്‌കോ - മുംബയ്
ഢാക്ക-ഡൽഹി
ഢാക്ക-മുംബയ്
അബുദാബി - ഹൈദരാബാദ്
മനില-ഡൽഹി
ലണ്ടൻ-ഡൽഹി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |