കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യ മുസ്ലിം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദ്, പഴയ പ്രൗഢിയിൽ പുനർ നിർമ്മിക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടുള്ള തറക്കല്ലിടൽ ഇന്നലെ നടന്നു. മഹല്ല് പ്രസിഡന്റ് ഡോ. പി. എ മുഹമ്മദ് സഈദ് പുതിയ നിർമ്മാണത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചു. നേരത്തെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പള്ളിയുടെ നിർമ്മാണോദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു.
പൗരാണിക കേരള വാസ്തു ശിൽപ കലയിൽ പണിതീർത്ത ചേരമാൻ ജുമാമസ്ജിദ് 1974 വരെ തനത് ശൈലിയിൽ നില നിന്നിരുന്നു. തുടർന്ന് നമസ്‌കാര സൗകര്യം വർദ്ധിപ്പിക്കുന്നതിന് അകത്തെ പള്ളിക്ക് യാതൊരു മാറ്റവും വരുത്താതെ നിലനിറുത്തി പള്ളിയുടെ ഇരു വശങ്ങളിലെ വരാന്തയും ചെരിവുകളും, പൂമുഖവും നീക്കം ചെയ്യുകയും മൂന്ന് ഘട്ടങ്ങളിലായി വിവിധ കൂട്ടിചേർക്കലുകളും നടത്തിയിരുന്നു.
കേന്ദ്ര ആർക്കിയോളജി വകുപ്പ് (എ.എസ്.ഐ) നടത്തിയ പരിശോധനയിലും അകത്തെ പള്ളിയിലെ മര ഉരുപ്പടികൾക്ക് ആയിരം വർഷത്തിലധികം പഴക്കമുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പള്ളിയുടെ ചരിത്രവും പഴക്കവും സാക്ഷ്യപ്പെടുത്തുന്ന അറബിയിലുള്ള പുരാതന ചുമർ ലിഖിതവും കണ്ടെത്തിയിരുന്നു. പള്ളിയുടെ പൗരാണിക തനിമ തിരിച്ച് കൊണ്ടുവരണമെന്ന് 2011 ൽ കൂടിയ മഹല്ല് പൊതുയോഗം തീരുമാനിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിവിധ വകുപ്പുകളുടെ അനുമതികൾക്കും കെട്ടിട നിർമ്മാണം ആസൂത്രണം ചെയ്യുന്നതിനും ദീർഘകാലം വേണ്ടി വന്നു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ അവിഭാജ്യ ഘടകമായ ചേരമാൻ ജുമാമസ്ജിദിന്റെ പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങളുടെ കൂട്ടി ചേർക്കലിന് 1.18 കോടി രൂപ അടങ്കൽ നിശ്ചയിച്ച് പ്രവർത്തികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇടക്കാലത്ത് കൂട്ടിച്ചേർത്ത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി പഴയ പള്ളി മാത്രം നിലനിറുത്തിയിട്ടുണ്ട്. ആധുനിക സൗകര്യത്തോടെ നാലായിരത്തോളം പേർക്ക് ഒരേസമയം പ്രാർത്ഥനയ്ക്ക് സൗകര്യം ഭൂഗർഭ അറയിൽ ഒരുക്കുമ്പോൾ ഇന്ത്യയിലെ ആദ്യത്തെ വിശാലവും, അതിവിപുലവുമായ പ്രഥമ ഭൂഗർഭ മസ്ജിദായി ഇവിടം മാറും.
ഇതോടെ ഇന്ത്യയിലെ ആദ്യത്തെ മസ്ജിദിനോടൊപ്പം തന്നെ ആദ്യത്തെ ഭൂഗർഭ മസ്ജിദും ചരിത്രത്തിൽ സ്ഥാനം പിടിക്കും. നിർമ്മാണം പൂർത്തിയാകാൻ മൂന്ന് വർഷത്തോളം വേണ്ടി വന്നേക്കുമെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |