പത്തനംതിട്ട: ഒ.പി ടിക്കറ്റിനായുള്ള നീണ്ട ക്യൂ ഇല്ല. ഡോക്ടർമാരെ കാണാൻ രോഗികൾ തിങ്ങി നിൽക്കുന്ന ഇടനാഴികളും ശൂന്യം. പനിയും ചൂടുമായി തളർന്നിരിക്കുന്നവരും മരുന്ന് വാങ്ങാൻ കുറിപ്പടികൾ പിടിച്ച് നിൽക്കുന്നവരുമില്ല. ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികൾ ആളൊഴിഞ്ഞ നിലയിലാണ്. പനിക്കാരും ശരീര വേദനക്കാരുമെല്ലാം എവിടെപ്പോയി ?.
സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടുന്ന ദിവസമാണ് തിങ്കളാഴ്ച. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒ.പി ടിക്കറ്റ് കൗണ്ടർ അടയ്ക്കുമ്പോൾ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം 369. കൊവിഡ് 19ന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് 800ന് മുകളിൽ ആളുകളാണ് എത്തിയിരുന്നത്. ഇന്നലെ വന്നവരിൽ പനി ലക്ഷണങ്ങൾ ഉണ്ടായിരുന്നവർ പത്തിൽ താഴെ മാത്രം. കാർഡിയോളജി, ഒാർത്തോ, ന്യൂറോ വിഭാഗം ഡോക്ടർമാരെ കാണാനുളളവരായിരുന്നു ഭൂരിഭാഗവും. തിരക്കില്ലാത്തതിനാൽ വിശദമായ പരിശോധനയാണ് നടത്തിയത്.
ബസ് സർവീസ് ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളിലും ഒാട്ടോറിക്ഷകളിലുമാണ് രോഗികൾ എത്തിയത്. തിരക്കുണ്ടായാൽ നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുമായി ആശാ വർക്കർമാരെ ഒ.പി കൗണ്ടറിലും ഡോക്ടർമാരുടെ പരിശോധന മുറികളിലും നിയോഗിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ ഒ.പി കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കണം. സഹായിക്കാൻ ആശാ വർക്കർമാരുണ്ട്. ഡോക്ടർമാരുടെ മുറികളിലേക്ക് കയറുന്ന ഇടനാഴിക്ക് മുന്നിലും പ്രത്യേക ഇരിപ്പിടങ്ങളുണ്ട്. ഇവിടെ നിന്ന് നാല് പേരെ വീതം ഡോക്ടർമാരുടെ മുറികളിലേക്ക് വിടും. ഫാർമസിക്ക് മുന്നിൽ അകലം പാലിച്ച് ക്യൂ നിൽക്കണം.
സർജറി കൊവിഡ് കേസുകൾക്ക് മാത്രം
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സർജറി കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാക്കി. കൊവിഡ് പൊസിറ്റീവായ യുവതിക്കും ലക്ഷണങ്ങളുള്ള നഴ്സിനും സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തത് ജനറൽ ആശുപത്രി ഒാപ്പറേഷൻ തീയറ്ററിലാണ്. മൂന്ന് കുട്ടികളാണ് ഇവിടെ പിറന്നത്. ഇതരവിഭാഗങ്ങളിൽ സർജറി ആവശ്യമുളളവരെ മറ്റ് ആശുപത്രികളിലേക്ക് വിടും.
.........
'' കൊവിഡ് ലക്ഷണങ്ങളുള്ള ഗർഭിണികൾക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നാൽ പത്തനംതിട്ട ജനറൽ ആശുപ്രതിയിലെ ഒാപ്പറേഷൻ തീയറ്ററിലാണ് എത്തിക്കുന്നത്. അറിയിപ്പുണ്ടാകുന്നതു വരെ ഇനി മറ്റ് സർജറികൾ ജനറൽ ആശുപ്രത്രിയിൽ ചെയ്യില്ല. സർജറി ആവശ്യമുളളവരെ കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും.
ഡോ. സാജൻ മാത്യൂസ്, ജനറൽ ആശുപത്രി സൂപ്രണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |