മുടപുരം: ലോക്ക് ഡൗൺ കാലത്ത് സ്കൂൾ ക്ലാസ് മുറികളിൽ വർണ ചിത്രം വരച്ച് മുടപുരം ഗവ. യു.പി സ്കൂളിനെ സ്മാർട്ട് ആക്കുകയാണ് ചിത്രകാരൻ ഷിബു. പഠനത്തോടൊപ്പം പ്രകൃതിയും ജീവിതവും മഹാന്മാരെയും കുട്ടികൾക്ക് അടുത്തറിയുന്നതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഹെഡ്മിസ്ട്രസും സ്കൂൾ വികസനസമിതിയും മുൻകൈ എടുത്ത് സ്മാർട്ട് ക്ലാസ് റൂമുകളിൽ ചിത്രങ്ങൾ വരയ്ക്കാൻ തീരുമാനിച്ചത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് മൂന്ന് ക്ലാസ് റൂമുകൾ സ്മാർട്ട് ആക്കിയത്. എന്നാൽ ചിത്രം വരയ്ക്കാനും പെയിന്റിംഗിനുമായി ഫണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും ഇതിനുള്ള ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകളും ഒരു കംപ്യൂട്ടർ റൂമും ഉൾപ്പെടുന്ന കെട്ടിടത്തിലാണ് ഇപ്പോൾ വർണ ചിത്രങ്ങൾ വരച്ച് സ്മാർട്ട് ആക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ മൂലം മാസങ്ങൾ ആയി തൊഴിലില്ലാതെ ബുദ്ധിമുട്ടി കഴിഞ്ഞിരുന്ന വേളയിലാണ് സ്കൂളിൽ ചിത്രം വരക്കുന്നതിനും പെയിന്റിംഗിനുമായി ഷിബുവിന് അവസരം ലഭിച്ചത്. ഇത് ജീവിത പ്രാരാബ്ദം മറികടക്കാൻ അനുഗ്രഹമായി എന്ന് ഷിബു പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി സ്കൂളുകൾ, വീടുകൾ തുടങ്ങിയവയുടെ പെയിന്റിംഗും, ചിത്രംവരയുമായി കഴിയുകയാണ് ഷിബു. അഞ്ചാം ക്ലാസ് മുതൽ ചിത്ര രചന ആരംഭിച്ചിരുന്നു. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും പെയിന്റിംഗ് ജോലിക്ക് പ്രവേശിച്ചപ്പോൾ അതിൽ ഗുരുനാഥനായ പ്രദീപിൽ നിന്നാണ് ചിത്രരചന അഭ്യസിച്ചത്. 15 ലേറെ സ്കൂളുകളിൽ ഇതിനകം ഷിബുചിത്രങ്ങൾ വരച്ചിട്ടുണ്ട്. മുടപുരം സ്കൂളിൽ ചിത്രങ്ങൾ വരക്കുന്നതിനും പെയിന്റിംഗിനുമായി ഷിബുവിന് പുറമെ മറ്റ് അഞ്ചു പേർ കൂടിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |