പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനാതിർത്തിയിൽ ജനവാസ മേഖലയിലെ കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാൻ ശക്തമായ നടപടികളുമായി വനം വകുപ്പ്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ സ്ഥാപിച്ചിരുന്ന സൗരോർജ്ജ വേലിയിലെ കേടുപാടുകൾ പരിഹരിക്കുമെന്നും വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പുതുതായി സൗരോർജ്ജവേലി സ്ഥാപിക്കുമെന്നും പാലോട് റേഞ്ച് ഓഫീസർ അജിത്ത് കുമാർ അറിയിച്ചു. വന്യമൃഗങ്ങൾ കാരണം ദുസഹമായ ഇവിടങ്ങളിലെ ജനജീവിതത്തെക്കുറിച്ച് 'താണ്ഡവമാടി കാട്ടുമൃഗങ്ങൾ" എന്ന പേരിൽ കഴിഞ്ഞ ദിവസം കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. വനപാലകരുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതി ഇല്ലാത്ത ആദിവാസി മേഖലകളിൽ സമിതി രൂപീകരിച്ച് പ്രദേശവാസികളുടെ സഹകരണത്തോടെ സൗരോർജ്ജ വേലി സ്ഥാപിക്കും. ലോക്ക് ഡൗൺ പിൻവലിക്കുകയോ നിയന്ത്രണങ്ങളിൽ വലിയ തോതിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയോ ചെയ്താൽ ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൃഷി നശിച്ച് ദുരിതത്തിലായവർക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കാനും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകാനും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
കാട്ടുമൃഗശല്യം രൂക്ഷമായ പ്രദേശങ്ങൾ
വട്ടപ്പൻകാട്, പ്രാമല, ദ്രവ്യം വെട്ടിയ മൂല, കാലൻ കാവ്, പുലിയൂർ, പാണ്ഡിയംപാറ, പുന്നമൺവയൽ, വെളിയങ്കാല, വേങ്കല്ല, ശാസ്താനട, ഇടിഞ്ഞാർ, മങ്കയം, കോളച്ചൽ, മുത്തിക്കാണി, വെങ്കലകോൺ, കൊന്നമൂട് എന്നിവിടങ്ങളിൽ.
ഭാർഗവിക്ക് കുടിവെള്ളം കിട്ടും
മൂന്ന് വർഷങ്ങൾക്ക് മുൻപ് മുത്തുക്കാണി സെറ്റിൽമെന്റിൽ ഭാർഗവിയുടെ കിണറ്റിൽ വീണ കാട്ടുപോത്തിനെ കരയ്ക്ക് കയറ്റാനുള്ള വനം വകുപ്പിന്റെയും ഫയർഫോഴ്സിന്റെയും പ്രവർത്തനങ്ങൾക്കിടെ കിണർ പൂർണമായും തകർന്നിരുന്നു. കാട്ടുപോത്ത് കരയ്ക്കെത്തിയെങ്കിലും അഞ്ച് സ്ത്രീകൾ മാത്രം താമസിക്കുന്ന ഭാർഗവിയുടെ കുടുംബത്തിന്റെ കുടിവെള്ളം മുട്ടി. അടുത്തുള്ള അരുവിയിൽ നിന്ന് വെള്ളം ശേഖരിച്ച് ഉപയോഗിക്കുന്ന ഇവർക്ക് വേനൽക്കാലമായാൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടേണ്ടി വരും. കേരള കൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് കിണർ പുനർനിർമ്മിക്കുന്നതിനായി 25,000 രൂപ അടിയന്തരമായി നൽകാനുള്ള നടപടി സ്വീകരിച്ചതായി പാലോട് റേഞ്ച് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |