പാലക്കാട്: ദോഹ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് 24 പേർ കൂടി ജില്ലയിൽ തിരിച്ചെത്തി. ഇവരിൽ 11 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദോഹയിൽ നിന്ന് കരിപ്പൂർ വഴി 12 പേരാണെത്തിയത്. ഇവരിൽ നാലുപേരെ ചാലിശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചു. എട്ടുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അബുദാബിയിൽ നിന്ന് നെടുമ്പാശേരി വഴിയെത്തിയ 12 പേരിൽ ഏഴുപേരെയും ചാലിശേരിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി. അഞ്ചുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം ജില്ലയിലെ കൊവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 339 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.
ഇവരിൽ 166 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേജിൽ 19 പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 29 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 18 പേരും പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ 16 പേരും കപ്പൂർ സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹോസ്റ്റലിൽ 20 പേരും ചാലിശേരി റോയൽ ഡെന്റൽ കോളേജിൽ 13 പേരും കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ 30 പേരും ഉൾപ്പെടെയാണിത്.
ചിറ്റൂർ കരുണ മെഡിക്കൽ കോളേജ് കോവിഡ് കെയർ സെന്ററിൽ നിന്നും മൂന്നുപേരും ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിൽ നിന്നും മൂന്നുപേരും കപ്പൂർ സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹോസ്റ്റലിൽ നിന്നും രണ്ടുപേരും പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഇന്ദ്രപ്രസ്ഥയിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണം 18 ആയത്.
ഇതിനു പുറമേ ജില്ലയിൽ 173 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |