പാലക്കാട്: ലോക ഡൗണിനെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി തുടർന്ന കാലിത്തീറ്റ ക്ഷാമം നീങ്ങിയതോടെ ക്ഷീരകർഷകർക്ക് അല്പം ആശ്വാസമായി. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വന്നതോടെയാണ് ഉല്പാദനം സജീവമായി പുനഃരാരംഭിച്ച് ക്ഷാമത്തിന് പരിഹാരം കണ്ടത്.
മലമ്പുഴയിലുള്ള കാലിത്തീറ്റ നിർമ്മാണ കേന്ദ്രത്തിലേക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തുന്നത് കർണാടക, തമിഴ്നാട്, ഒറീസ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇളവുകൾ വരുന്നതിന് മുമ്പ് ഇത്തരം ലോഡെത്തുത്തുന്നത് നാമമാത്രമായതാണ് ഉല്പാദനം മന്ദഗതിയിലാകാൻ കാരണം.
വേനൽ കടുത്തതോടെ പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും സാമ്പത്തിക പ്രതിസന്ധിയും കാരണം ക്ഷീരകർഷകർ ഏറെ ദുരിതത്തിലായിരുന്നു. പണം ഉണ്ടെങ്കിൽ പോലും ആവശ്യത്തിന് കാലിത്തീറ്റ ലഭിക്കാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്ന് പാലുല്പാദനം കുറഞ്ഞത് പല ക്ഷീരകർഷകരെയും നഷ്ടത്തിലാക്കി. കാലിത്തീറ്റ ക്ഷാമത്തിന് പരിഹാരമായെങ്കിലും കർഷകരുടെ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തീർന്നിട്ടില്ല.
പൊതുവേ വേനലാകുമ്പോൾ പച്ചപ്പുല്ലിന്റെ ക്ഷാമം പതിവാണ്. ഇത്തരം സമയങ്ങളിൽ കാലിത്തീറ്റ കൊടുത്താണ് പാൽ കുറയാതെ പിടിച്ചു നിൽക്കുന്നത്. ലോക്ക് ഡൗൺ മൂലം ഈ വേനലിൽ കാലിത്തീറ്റ ആവശ്യത്തിന് ലഭ്യമായിരുന്നില്ല. ഇതോടെ പാലും വരുമാനവും കുറഞ്ഞു. 1200 രൂപ കൊടുത്ത് ഒരു ചാക്ക് കാലിത്തീറ്റ വാങ്ങാൻ ഏറെ ബുദ്ധിമുട്ടാണ്.
-ശിവൻ, ക്ഷീരകർഷൻ.
മെയ് ആദ്യത്തോടെ ദിനംപ്രതി 200 ടൺ കാലിത്തീറ്റ ഉല്പാദിപ്പിക്കുന്നുണ്ട്. അതിനാൽ ക്ഷാമം കുറഞ്ഞിട്ടുണ്ട്. ചോളം, തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ അന്യസംസ്ഥാനങ്ങിൽ നിന്നെത്താത്തതിനെ തുടർന്നുള്ള ലഭ്യത കുറവാണ് നിർമ്മാണം മന്ദഗതിയിലായത്.
ടി.ശ്രീകുമാർ, മാനേജർ, മിൽമ കാലിത്തീറ്റ ഫാക്ടറി, മലമ്പുഴ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |