(ഓരോമഹാമാരികളും ലോകത്ത് അവശേഷിപ്പിച്ചുപോകുന്ന ചില അതുല്യ ലോകാദ്ഭുതങ്ങളുണ്ട്. ഇവയിൽ പലതും പിറന്നതോ "ഒന്നുംചെയ്യാനില്ലാതിരുന്ന" ക്വാറന്റൈൻ കാലത്തും. ഷേക്സ്പിയർ കിംഗ് ലയർ എഴുതിയതും ഐസക് ന്യൂട്ടൻ ഗുരുത്വാകർഷണബലം കണ്ടുപിടിച്ചതും ഇതുപോലെ ഒരു മഹാമാരിക്കാലത്താണ്.
അറിയാം, ആ കഥ. )
ബ്ലാക്ക് ഡെത്ത് എന്നഓമനപ്പേരിലറിയപ്പെടുന്ന പ്ലേഗ് ഇംഗ്ലണ്ടിൽ അതിഭീകരമായി പടർന്ന കാലം. രാജ്യത്ത് നിർബന്ധിത ക്വാറന്റൈൻ. സാമൂഹ്യമാദ്ധ്യമങ്ങളോ മറ്റ് വിനോദോപാധികളോ ഇല്ലാത്ത ആ കാലത്ത് ഇംഗ്ലണ്ടിന്റെ സർഗാത്മകത പൂത്തുലഞ്ഞു. കർഷകൻ കലപ്പയുപേക്ഷിച്ച് കവിതയെഴുതി. ചെരുപ്പുകുത്തി സൂചിയുംനൂലും താഴെവച്ച് കഥയെഴുതി. അപ്പോൾ എഴുത്തുമാത്രം അറിയുന്ന ഒരാൾക്ക് എഴുതാനല്ലാതെ മറ്റെന്തിന് കഴിയും? അങ്ങനെ ഷേക്സിപിയറും എഴുതി, ലോകസാഹിത്യചരിത്രത്തിലേക്ക് കസേരവലിച്ചിട്ടിരുന്ന കിംഗ് ലയർ എന്ന നാടകം.
1606 ലെ ഗ്രീഷ്മകാലത്ത് ഇംഗ്ലണ്ട് പ്ലേഗിന്റെ പിടിയിലാണ്. അപ്പോഴോ അതിന് തൊട്ടുമുമ്പോ ആയിരുന്നിരിക്കണം കിംഗ് ലയർ എഴുതപ്പെട്ടത് എന്നാണ് വസ്തുതകൾ പരിശോധിച്ച് ചരിത്രകാരന്മാർ പറയുന്നത്. കാരണം, കിംഗ് ലയർ ആദ്യമായി അവതരിപ്പിച്ചത് 1606ൽ ജയിംസ് ഒന്നാമൻ രാജാവിന്റെ മുമ്പിലാണ്. രാജ്യത്തെ തിയറ്ററുകളടയ്ക്കുകയും കലാകാരന്മാരും നാടകകൃത്തുക്കളുമൊക്കെ മറ്റ് ജീവിത മാർഗങ്ങളന്വേഷിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്. 78 മാസത്തേക്കാണ് അന്ന് തിയറ്ററുകൾ അടഞ്ഞുകിടന്നത്. നാടകനടനും നാടകക്കമ്പനിയുടെ ഓഹരിയുടമയും ഒക്കെയായിരുന്ന ഷേക്സ്പിയറിന്റെ ജീവിതത്തെയും വലിയതോതിൽ ആ ദുരന്തം സ്വാധീനിച്ചു. അതുകൊണ്ടായിരിക്കണം, ആ കാലത്ത് സൃഷ്ടിക്കപ്പെട്ട കിംഗ് ലയർ, ഷേക്സ്പിയറിന്റെ ദുരന്തനാടകങ്ങളിൽവച്ച് ഏറ്റവും ഉത്സാഹശൂന്യമായിത്തീർന്നത്. നിരാശയും മരണവും വിജനമായ വഴികളും താഴിട്ട കടമുറികളും അകലംപാലിച്ചുനടക്കുന്ന ആളുകളും ഒക്കെക്കൂടി നാടകം ഒരുക്കിയിരിക്കുന്നതത്രയും ഒരുമഹാമാരി സൃഷ്ടിച്ച ശോകജനകമായ അന്തരീക്ഷത്തിലാണെന്നാണ് നാടകചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നത്.
ലണ്ടൻ. പ്ലേഗ് മഹാമാരിയെ തടയാൻ ആളുകളെല്ലാം വീട്ടിൽ. കേംബ്രിഡ്ജിൽനിന്ന് 60 മൈൽ വടക്കുപടിഞ്ഞാറായി വൂൾസ്റ്റോർപ് മാനർ എന്ന ഫാമിലി എസ്റ്റേറ്റ്. അവിടെ തന്റെ ക്വാറന്റൈൻകാലം ചെലവിടുന്ന ട്രിനിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്ന ഐസക് ന്യൂട്ടൻ. അദ്ദേഹത്തിന്റെ ഇരുപതുകൾ.
ഒരുദിവസം വീട്ടിലെ കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹം ജാലകത്തിലൂടെ പ്രകാശം വരുന്നത് കണ്ടു. അപ്പോഴാണ് ഒരു ആശയം തോന്നിയത്. കയ്യിലുണ്ടായിരുന്ന പ്രിസം ഉപയോഗിച്ച് ആ സൂര്യപ്രകാശത്തെ നിരീക്ഷിച്ചപ്പോൾ ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ചെറിയ ബീം മാത്രമേ കടന്നുപോകുന്നുള്ളൂ എന്ന് അദ്ദേഹം കണ്ടെത്തി. ഇതിൽ നിന്ന് ഒപ്റ്റിക്സിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ അദ്ദേഹം വളർത്തിയെടുത്തു. തീർന്നില്ല, ന്യൂട്ടന്റെ ക്വാറന്റൈൻ കണ്ടുപിടുത്തങ്ങൾ.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജാലകത്തിനപുറം ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ജാലകത്തിലൂടെ ആ മരത്തിന്റെ ചില്ലകളിലേക്ക് നോക്കിയിരുന്നപ്പോൾ ഒരു ആപ്പിൾ അതിൽ നിന്ന് അടർന്ന് വീണു. എന്തുകൊണ്ടാണ് അത് മുകളിലേയ്ക്ക് പോകാതെ താഴേയ്ക്ക് പോയത്? അദ്ദേഹം ചിന്തിച്ചു. അതിൽ നിന്നാണ് ഗുരുത്വാകർഷണത്തിന്റെയും ചലനത്തിന്റെയും സിദ്ധാന്തങ്ങൾ അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ചുരുക്കത്തിൽ ന്യൂട്ടണ് ആ ക്വാറന്റൈൻ കാലം അദ്ഭുതങ്ങളുടേതായിരുന്നു. ലോകത്തിനത്, മഹാത്ഭുതങ്ങളുടെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |