വാഷിംഗ്ടൺ: ചൈന തടവിലാക്കിയിരിക്കുന്ന ടിബറ്റിന്റെ രണ്ടാമത്തെ വലിയ ആത്മീയ നേതാവായ പഞ്ചൻ ലാമ എവിടെയാണെന്ന കാര്യം എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയോട് ആവശ്യപ്പെട്ടു. 25 വർഷങ്ങൾക്കുമുമ്പാണ്, അന്ന് ആറുവയസുമാത്രം പ്രായമുണ്ടായിരുന്ന പതിനൊന്നാമത്തെ പഞ്ചൻ ലാമയെ ചൈന പിടികൂടി തടവിലാക്കിയത്.
എല്ലാ വിശ്വാസസമുദായത്തിലുള്ളവരെയുംപോലെ ടിബറ്റൻ ബുദ്ധമതക്കാർക്കും അവരുടെ വിശ്വാസമനുസരിച്ച് നേതാക്കളെ തിരഞ്ഞെടുക്കാനും വിദ്യാഭ്യാസം നൽകാനും ആരാധിക്കാനും കഴിയണം. പത്രക്കുറിപ്പിൽ പോംപിയോ വ്യക്തമാക്കി. പഞ്ചൻലാമ എവിടെയാണെന്ന് പരസ്യമാക്കി, എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പാക്കി, സ്വന്തം ഭരണഘടനയും അന്താരാഷ്ട്ര പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കണം. പോംപിയോ ആവശ്യപ്പെട്ടു.
നിലവിൽ ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ, 1995ലാണ് ടിബറ്റൻ ബുദ്ധിസം സ്കൂളിലെ ഏറ്റവും വലിയ രണ്ടാമത്തെ മുതിർന്ന വ്യക്തിയായ പഞ്ചൻ ലാമയുടെ പുനർജന്മമായി ഗെദുൻ ചോയ്കി നൈമ എന്ന ആൺകുട്ടിയെ തിരിച്ചറിയുന്നത്. ഇതിന് മൂന്ന് ദിവസത്തിന് ശേഷം കുട്ടിയെ ചൈന കസ്റ്റിയിലെടുത്ത് തടവിലാക്കി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനെന്നാണ് മനുഷ്യാവാകാശസംഘടനകൾ പഞ്ചൻ ലാമയെ വിശേഷിപ്പിക്കുന്നത്.
പഞ്ചൻലാമ - ടിബറ്റിന്റെ ചന്ദ്രശോഭ
ടിബറ്റൻ ജനതയെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നത ആത്മീയഗുരുവും നേതാക്കളിലൊരാളുമാണ് പഞ്ചൻ ലാമ. ടിബറ്റൻ ജനതയുടെ പരമോന്നത നേതാവായ ദലൈലാമക്ക് തൊട്ടടുത്ത സ്ഥാനം വഹിക്കുന്നയാൾ.‘ടിബറ്റൻ ജനതയുടെ സൂര്യനും ചന്ദ്രനുമാണ് ദലൈലാമയും പഞ്ചൻ ലാമയും’ എന്നാണ് വിശ്വാസം. അടുത്ത ദലൈലാമയെ തെരഞ്ഞെടുക്കുന്നതിലും ഏറ്റവും നിർണായകമായ സ്ഥാനമാണ് പഞ്ചൻ ലാമ വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |