
ന്യൂഡൽഹി: പഞ്ചാബിൽ മുൻകൂർ അനുമതിയില്ലാതെ മരം മുറിക്കുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി വിധി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് പച്ചപ്പിന്റെ അളവ് കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് തീരുമാനം.
മൊഹാലിയിലെ 251 മരങ്ങൾ മുറിക്കാനുള്ള നടപടികൾക്ക് എതിരായാണ് ഹർജി നൽകിയത്. വിവിധ ക്രോസ് ജംഗ്‌ഷനുകളിൽ റൗണ്ട് എബൗട്ടുകൾ നിർമ്മിക്കുന്നതിന് ഉൾപ്പെടെയാണ് ഈ മരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്. മൊഹാലിയിലെ മരങ്ങൾ മുറിക്കാനുള്ള നടപടി സ്റ്റേ ചെയ്‌ത ഹൈക്കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാനത്തെ ഒരു മരവും മുറിക്കരുതെന്നും നിർദേശിച്ചു.
വൻതോതിലുള്ള വനനശീകരണം പഞ്ചാബിന്റെ ദുർബലമായ പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാ പ്രതിരോധശേഷി എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഹാർലോവ് സിംഗ് രജ്പുത് ചൂണ്ടിക്കാട്ടി. 2001-ൽ 4.80% ഉണ്ടായിരുന്ന വനവിസ്‌തൃതി 2023-ൽ 3.67% ആയി കുറഞ്ഞെന്നും അദ്ദേഹം വാദിച്ചു.
രാജസ്ഥാനിൽ ആകെ ഭൂമിശാസ്ത്ര വിസ്തൃതിയുടെ 4.8% പച്ചപ്പ് മാത്രമേയുള്ളൂവെന്നും പഞ്ചാബിലും ഹരിയാനയിലും അതിലും കുറവാണെന്നും കോടതി നിരീക്ഷിച്ചു. ഈ വസ്‌തുതകളുടെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുരിച്ച് ഉദ്യോഗസ്ഥർ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് ഷീൽ നാഗു അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മരംമുറിക്കൽ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെപ്പറ്റി ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |