മലപ്പുറം: സ്വകാര്യ ബസ് സർവീസിന് സർക്കാർ അനുമതി നൽകിയെങ്കിലും ജില്ലയിൽ സർവീസ് തുടങ്ങാൻ ഇനിയും സമയമെടുത്തേക്കും. ലോക്ക് ഡൗണിൽ നിറുത്തിയിട്ട ബസുകളുടെ ബാറ്ററി, ടയർ, എൻജിൻ ഓയിൽ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കേണ്ടതുണ്ട്. ബസുകൾ നിറുത്തിയിട്ടതിനാൽ ബാറ്ററി ലീക്കാവാനും ടയറുകൾ കേടുവരാനും സാദ്ധ്യതയേറെയാണ്. ഇതിനൊപ്പം എൻജിൻ, ഗിയർബോക്സ് എന്നിവ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കണം. ബസുകൾ ഒന്നിച്ച് സർവീസിനെത്തിയാൽ ഇതിനുള്ള സൗകര്യം ജില്ലയിലെ വർക്ക്ഷോപ്പുകളിലില്ല. ആവശ്യത്തിന് മെക്കാനിക്കുകളുടെ കുറവും വെല്ലുവിളിയാവും. ലോക്ക് ഡൗണിന് മുമ്പേ തന്നെ പല ബസുകളും നഷ്ടത്തിലാണ് ഓടിയിരുന്നതെന്നും സർവീസിനുള്ള പണം കണ്ടെത്തുക വെല്ലുവിളിയാണെന്നും ഉടമകൾ പറയുന്നു. ഒരു ബസിന് രണ്ട് ബാറ്ററികൾ വേണം. ഒന്നിന് 24,000 രൂപയാണ് ചെലവ്. നിരവധി ബസുകളിൽ ബാറ്ററികൾ കേടുവന്നിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇൻഷ്വറൻസ് കിട്ടില്ല
ജില്ലയിൽ 1,600 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 90 ശതമാനം ബസുകളും റോഡ്, ഇൻഷ്വറൻസ് നികുതി ഇളവുകൾക്കായി ജി ഫോം സമർപ്പിച്ചിട്ടുണ്ടെന്ന് ബസ് ഉടമ സംഘടനകൾ പറയുന്നു. മോട്ടോർ വാഹന വകുപ്പിന് ജിഫോം സമർപ്പിച്ച് രണ്ടുമാസമെങ്കിലും പൂർത്തിയായാലേ ഇൻഷ്വറൻസ് തുകയിൽ ഇളവു ലഭിക്കൂ. ഇതിന് മേയ് 30 ആവണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർവീസിന് മടിക്കുന്നവരുണ്ട്.
ഇന്ന് നിരത്തിൽ
ജില്ലയിൽ ഇന്നുമുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് തുടങ്ങും. മുഴുവൻ സർവീസുകൾ തുടങ്ങാൻ ഇനിയും സമയമെടുക്കും. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് കൊണ്ടോട്ടി, വഴിക്കടവ്, വളാഞ്ചേരി, യൂണിവേഴ്സിറ്റി, അരീക്കോട് സർവീസുകൾ മാത്രമാണുണ്ടാവുക. മറ്റു ഡിപ്പോകളിൽ നിന്നും കുറച്ചു സർവീസുകളേയുണ്ടാവൂ.
രണ്ട് ദിവസത്തിന് ശേഷമേ കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ തുടങ്ങൂ. ഓഫീസുകളിലേക്ക് ജീവനക്കാരെ എത്തിക്കുന്നതടക്കം അത്യാവശ്യ സർവീസുകൾ മാത്രമാവും ഇന്ന് നടത്തുക.
സി.കെ.രത്നാകരൻ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ
നികുതി, ഇൻഷ്വറൻസ് ഇളവ്, ബസ് ചാർജ്ജ് വർദ്ധന, സർവീസ് സമയപരിധി എന്നിവയിൽ വ്യക്തതയുണ്ടാവണം. പെട്ടെന്ന് സർവീസ് നടത്തുക പ്രായോഗികമല്ല. ബസുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ സമയമെടുക്കും.
ഹംസ എരിക്കുന്നൻ, ജനറൽ സെക്രട്ടറി, മലപ്പുറം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |