തൃശൂർ: മീൻ വളർത്തലിനും താറാവിനെ പരിപാലിക്കുന്നതിനും കൂടുതൽ ശ്രദ്ധ കൊടുത്ത് കൃഷി ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കാൻ സഹകരണ സംഘം വൈകിപ്പിച്ചപ്പോൾ പുല്ലഴി കോൾപ്പാടത്തെ കർഷകർക്ക് കിട്ടിയത് സാധാരണ ലഭിക്കുന്നതിനേക്കാൾ പകുതി മാത്രം നെല്ല്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വെളളപ്പൊക്കം വരുത്തിവച്ച നഷ്ടങ്ങളിൽ നിന്ന് കരകയറാൻ തുടങ്ങുമ്പോഴാണ് മൂന്നാം കൊല്ലവും കർഷകർ ദുരിതത്തിലായത്.
സാധാരണ ഒക്ടോബർ, നവംബർ മാസത്തിൽ വിതച്ചാൽ ജനുവരി ആദ്യം തന്നെ കൊയ്ത്ത് കഴിയും. ഇക്കൊല്ലം മൂന്നു മാസം വൈകി. കോൾപ്പടവ് സഹകരണ സംഘം 22 ദിവസം കൊണ്ട് കോളിലെ വെള്ളം വറ്റിക്കാമെന്ന് തീരുമാനം എടുത്തിരുന്നു. എന്നാൽ 52 ദിവസം കൊണ്ടാണ് വെള്ളം വറ്റിച്ചത്. അതിനുശേഷമാണ് വിതയ്ക്കൽ തുടങ്ങിയത്. വെള്ളം വറ്റിക്കലും തുറന്നുവിടുന്നതുമെല്ലാം സഹകരണ സംഘത്തിന്റെ ഉത്തരവാദിത്വമാണെന്നും കർഷകർ ആരോപിക്കുന്നു. ചൂട് കൂടിയതും വിളവ് കുറയാൻ കാരണമായി.
ഏപ്രിൽ 19നാണ് കോൾപ്പാടത്ത് കൊയ്ത്ത് തുടങ്ങിയത്. ഒന്നര ആഴ്ച കൊണ്ടാണ് പൂർത്തിയായത്. പിന്നീട് താറാവ് കൂട്ടങ്ങളെ തീറ്റയ്ക്കിറക്കി, വെള്ളം തുറന്നിടുകയും ചെയ്തു. അടുത്ത വിളവെടുപ്പിന് മുന്നോടിയായി പാടം പൂട്ടാനോ പുല്ല് നശിപ്പിക്കാൻ മരുന്നടിക്കാനോ സമയം തന്നില്ലെന്നാണ് കർഷകരുടെ പരാതി.
മറ്റ് ആരോപണങ്ങൾ:
ലാഭത്തിനായി താറാവിനെ ഇറക്കിയും മീൻ വളർത്തിയും കൃഷിയെ നശിപ്പിക്കുന്നു
ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഒത്താശ വളമാകുന്നു
നടപ്പാക്കിയത് കർഷകർ അംഗീകരിച്ച തീരുമാനം
പ്രളയത്തിനുശേഷം ചേർന്ന കർഷകരുടെ പൊതുയോഗത്തിന്റെ തീരുമാനങ്ങളാണ് നടപ്പാക്കിയതെന്ന് പുല്ലഴി കോൾപ്പടവ് സഹകരണസംഘം വ്യക്തമാക്കി. മുളപ്പിക്കാനുള്ള ആവശ്യം കർഷകർ തന്നെ മുന്നോട്ടുവച്ചിരുന്നു. വിളവെടുപ്പിന് കാലതാമസം വരുമെന്നത് യോഗം ചൂണ്ടിക്കാണിച്ചിരുന്നു. കളനാശിനി അടിച്ച് പത്തു ദിവസത്തിനുള്ളിൽ വെള്ളമടിക്കണം. എന്നാൽ ചിമ്മനി ഡാമിൽ നിന്ന് വെളളം കിട്ടിയില്ല. കടുത്ത ചൂടും വെയിലും പുഴുക്കേടും ബ്ലാസ്റ്റ് രോഗവും വിളവിനെ ബാധിച്ചു. മറ്റ് കോൾപ്പാടങ്ങളിലും വിളവ് കുറവാണെന്ന് സംഘം അധികൃതർ ചൂണ്ടിക്കാട്ടി.
എട്ടരയേക്കർ കൃഷി ചെയ്ത കർഷകന് രണ്ടു വർഷം മുമ്പ് കിട്ടിയത്: 345 ചാക്ക് നെല്ല്
ഇക്കൊല്ലം കിട്ടിയത്: 160 ചാക്ക്.
ചിലർക്ക് ഒരേക്കറിൽനിന്ന് കിട്ടിയത്: 9 ചാക്ക്
ഒരു ചാക്കിലെ നെല്ല്: 6070 കിലോഗ്രാം
ഒരേക്കറിൽ കൃഷിയിറക്കാൻ ചെലവ്: 30,000 രൂപ.
നെല്ല് കിലോഗ്രാമിന് വില: 26 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |