റോം: മാർച്ച് മാസത്തിൽ ദിനംപ്രതി ആയിരക്കണക്കിന് കൊവിഡ് രോഗികളെ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന രാജ്യമാണ് ഇറ്റലി. മാർച്ച് 16നാണ് രാജ്യം പൂർണ ലോക്ക്ഡൗണിലേക്ക് പോയത്. എല്ലാ സ്കൂളുകളും സ്ഥാപനങ്ങളും ഗതാഗതവുമെല്ലാം അടഞ്ഞു കിടന്നു. ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞപ്പോഴും രാജ്യത്തിന്റെ സാമ്പത്ത്‌വ്യവസ്ഥ നോക്കാതെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി മുന്നോട്ട് കൊണ്ട് പോയി.
കൊവിഡിന്റെ തീവ്രതയേറിയതോടെ ഇറ്റലിയ്ക്ക് പിന്നാലെ പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ, ജർമനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് പോയി. രണ്ട് മാസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ ആശ്വാസ തീരത്തേക്ക് അടുക്കുകയാണ് ഇറ്റലിയടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ. രോഗികളുടെ എണ്ണവും മരണവും കുറഞ്ഞതോടെ ഇറ്റലിയും സ്പെയിനും ജർമനിയുമൊക്കെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഇളവുകൾ നൽകി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 642 പേർക്കാണ് ഇറ്റലിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 156 മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. നേരത്തെ ഒരു ദിവസം 7,000ത്തോളം കേസുകളായിരുന്നു ഇറ്റലിയിൽ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.
സ്പെയിനിൽ 593 പുതിയ കേസുകളും 52 മരണങ്ങളുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ 251 പേർക്ക് മാത്രമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഫ്രാൻസിൽ രോഗികളുടെ എണ്ണം ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 83 മരണങ്ങളാണ് ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തത്. ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പുതിയ കേസുകളും 39 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇറ്റലിയ്ക്കും സ്പെയിനും ഫ്രാൻസിനും മുമ്പേ ലോക്ക്ഡൗൺ ഇളവുകൾ നൽകിയ ജർമനിയിൽ രോഗികളുടെ എണ്ണം കുറഞ്ഞും കൂടിയും നില്ക്കുന്നത് ആശങ്കകൾക്കിടയാക്കുന്നുണ്ട്. നിയന്ത്രണങ്ങളിൽ നൽകി വരുന്ന ഇളവുകൾ കൊവിഡിന്റെ രണ്ടാമത്തെ വരവിന് കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
ഇംഗ്ലണ്ടിലും യൂറോപ്പിലുമാണ് കൊവിഡ് ഇപ്പോഴും പിടിമുറുക്കി തുടരുന്നത്. ഇംഗ്ലണ്ടിൽ കടുത്ത നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ നിയന്ത്രണാവിധേയമാക്കാൻ ശ്രമം തുടരുമ്പോൾ റഷ്യയിൽ സ്ഥിതി അതീവ ഗുരുതരമാണ്. 2,615 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇംഗ്ലണ്ടിൽ കൊവിഡ് പോസിറ്റീവായത്. ഏപ്രിൽ 10ന് 8,681 പേർക്കായിരുന്നു ഇംഗ്ലണ്ടിൽ രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് അന്നാണ്. എന്നാൽ മേയ് ആദ്യവാരത്തോടെ പുതിയ കേസുകളുടെ എണ്ണം പതിയെ കുറഞ്ഞു വരികെയാണ്. വരും ആഴ്ചകളിൽ പുതിയ കേസുകൾ ആയിരത്തിൽ താഴെയാകുമെന്നാണ് പ്രതീക്ഷ.
338 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇംഗ്ലണ്ടിൽ മരിച്ചത്. ഏപ്രിൽ അവസാനം ഇംഗ്ലണ്ടിൽ വരെ മരണനിരക്ക് അതിന്റെ ഉയർന്ന നിലയിലായിരുന്നു. ഏപ്രിൽ 21 ന് രേഖപ്പെടുത്തിയ 1,172 ആണ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്ക്. മേയ് ആദ്യ വാരം മുതൽ മരണ നിരക്ക് കൂടിയും കുറഞ്ഞും നില്ക്കുകയാണ്. എന്നാൽ മേയ് 2 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ദിനംപ്രതി മരിക്കുന്നവരുടെ എണ്ണം 700ൽ കൂടിയിട്ടില്ല എന്ന് മനസിലാക്കാം. മേയ് അവസാനത്തോടെ മരണ നിരക്കും കുത്തനെ കുറയും എന്ന വിശ്വാസത്തിലാണ് ഇംഗ്ലണ്ടിലെ ആരോഗ്യ വിദഗ്ദർ.
റഷ്യ ഇപ്പോഴും വലിയ ഹോട്ട്സ്പോട്ടാണ്. രാജ്യവ്യാപകമായി നിലനിന്നിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീവ്രബാധിത മേഖലകളിലേക്ക് ചുരുങ്ങിയെങ്കിലും കൊവിഡിന്റെ വ്യാപനത്തിൽ ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,894 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 150 മരണങ്ങളാണ് രേഖപ്പെടുത്തിയത്. റഷ്യയിൽ ദിനംപ്രതി രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മരണനിരക്കാണിത്. നിലവിൽ രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് റഷ്യയ്ക്ക്. 3,26,448 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ 3,249 പേരാണ് ഇതേവരെ രാജ്യത്ത് മരിച്ചതെന്നാണ് റഷ്യൻ ഭരണകൂടം വ്യക്തമാക്കുന്നത്. ഇത്രയും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത റഷ്യയിൽ മരണ നിരക്ക് വളരെ താഴ്ന്ന നിലയിൽ കാണപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് വിദഗ്ദ്ധരുടെ സംശയം. അതേസമയം, രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ പോലുമില്ലെന്ന് ആരോപിച്ച് റഷ്യൻ ഡോക്ടർമാർ രംഗത്ത് വരുന്നുണ്ട്. മോസ്കോ നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. റഷ്യയിൽ മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |