തിരുവനന്തപുരം : ലോകം മുഴുവൻ കൊവിഡിനെ ഭയന്നു കഴിയുമ്പോഴും കെ എസ് ആർ ടി സി യിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ വൈറസിനോട് പൊരുതി ജോലി ചെയ്യുകയാണ്. ലോക്ക് ഡൗണിനിടയിൽ ജില്ലകൾക്ക് ഉളളിൽ മാത്രമായി കെ എസ് ആർ ടി സി നിശ്ചിത ശതമാനം ബസ് സർവീസുകൾ നടത്തിയിരുന്നു. സർവീസ് കഴിഞ്ഞ് എത്തുന്ന ബസുകളിൽ അണുനശീകരണം നടത്തുവാൻ വേണ്ടുന്ന യാതൊരു സൗകര്യവും കെ എസ് ആർ ടി സി ഏർപ്പെടുത്തിയിട്ടില്ലെന്നാണ്
മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ ആക്ഷേപം. ബസുകൾ വാട്ടർ സർവീസ് പോലും ചെയ്യാതെ ഗ്യാരേജിലേക്ക് നേരിട്ട് അറ്റകുറ്റ പണികൾക്കായി നൽകുന്നതിനാൽ മെക്കാനിക്കൽ തൊഴിലാളികൾക്ക് കൊവിഡ് രോഗം പകരാനുളള സാധ്യത ഏറെയാണെന്നും തൊഴിലാളികൾ പറയുന്നു.
ഇതിന് പിന്നാലെ മെക്കാനിക്കൽ തൊഴിലാളികൾക്ക് വേണ്ട സുരക്ഷ മുൻകരുതലിനായി യാതൊരു നടപടിയും കെ എസ് ആർ ടി സി സ്വീകരിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി. സാധാരണ രീതിയിൽ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ടുന്ന മാസ്ക്ക്, കൈയ്യുറ, സാനിറ്റൈസർ തുടങ്ങിയ ഒന്നും ഡിപ്പോയിൽ ലഭ്യമല്ലെന്നും തൊഴിലാളികൾ പറയുന്നു. ഇതോടൊപ്പം രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയുളള ഡ്യൂട്ടി പരിഷ്ക്കരണവും തൊഴിലാളികൾക്ക് അസഹനിയമാണെന്നും പരാതിയിണ്ട് . ഇത് സംബന്ധിച്ച് കെ എസ് ആർ ടി സി എം ഡിക്ക് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
അതേസമയം കെ എസ് ആർ ടി സി ഇതെല്ലാം പൂർണ്ണമായും നിഷേധിക്കുകയാണ്. മെക്കാനിക്കൽ തൊഴിലാളികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജീവനക്കാർക്കായി ഒരു ലക്ഷത്തോളം മാസ്ക്കുകൾ നൽകിയെന്നും കെ എസ് ആർ ടി സി എം ഡി കേരള കൗമുദി ഔൺലൈനോട് പറഞ്ഞു. സംഭവത്തിൽ ഗതാഗതമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് മെക്കാനിക്കൽ സ്റ്റാഫ് യൂണിയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |