ന്യൂഡൽഹി: രാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രസർക്കാർ ആരംഭിച്ചു. സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിനായുള്ള അടിസ്ഥാന മാർഗനിർദേശങ്ങൾ ആവിഷ്‌കരിക്കുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം എൻ.സി.ഇ.ആർ.ടിയും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതികൂടി കിട്ടിയാലേ സ്കൂളുകൾ തുറക്കാനാവൂ.
എല്ലാ ക്ളാസുകളും ഒരുമിച്ച് തുടങ്ങുന്നതിനുപകരം ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കാവും ആദ്യം ക്ളാസ് തുടങ്ങുക. മാസ്‌ക് ധാരണം, സാമൂഹിക അകലം തുടങ്ങി കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ പാലിക്കാൻ ഇവർക്ക് സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ അതിനാലാണ് ഈ ക്ളാസുകൾ ആദ്യം തുടങ്ങുക.
അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇവർക്കുവേണ്ടി ഓൺലൈൻ ക്ളാസുകൾ നടത്തും. സ്കൂൾ തുറക്കാനുള്ള നടപടികൾ തുടങ്ങിയെങ്കിലും ഉടനടി ക്ലാസുകൾ ആരംഭിക്കില്ല. കുട്ടികളെ ബാച്ചുകളായിട്ട് എത്തിക്കണമെന്നാണ് നിർദേശം. പുതിയ ഇരിപ്പിട ക്രമീകരണങ്ങൾ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങൾ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും സ്കൂളുകൾക്ക് കൂടുതൽ സമയം അനുവധിച്ചേക്കും.
ഇത്രയും അകലം പാലിക്കുന്നതിനാൽ ഒരു ക്ലാസിലെ മുഴുവർ വിദ്യാർത്ഥികളേയും ഒരുമിച്ചൊരു ക്ലാസിലിരുത്താനാവില്ല. അതിനാൽ ഓരോ ക്ലാസുകളും 15 മുതൽ 20 വിദ്യാർത്ഥികൾ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടിവരും. ഓരോബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസുണ്ടാകുക. സ്‌കൂളുകളിൽ വച്ച് ക്ലാസ് നടക്കാത്ത ദിവസം വിദ്യാർത്ഥികൾക്ക് വീടുകളിൽ വച്ച് പഠിക്കുന്നതിനുള്ള ടാസ്‌കുകൾ നൽകും.
തുടക്കത്തിൽ ഉച്ചഭക്ഷണം സ്‌കൂളുകളിൽ ഉണ്ടാകില്ല. ആദ്യ കുറച്ചു മാസങ്ങളിൽ രാവിലത്തെ അസംബ്ലിക്ക് വിലക്കേർപ്പെടുത്തും. കോമ്പൗണ്ടിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസേഷൻ സ്റ്റേഷനുകളുണ്ടാകും. രക്ഷിതാക്കളെ സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിപ്പിക്കില്ല. കുട്ടികൾ വരുന്നതിന് മുമ്പായും പോയതിന് ശേഷവും തറയും സ്പർശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണനയിലുള്ളത്. കൂടുതൽ നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ടോ എന്ന് പിന്നീട് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |