തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെയും ബാറുകളിലെയും ഓൺലൈൻ മദ്യവില്പനയ്ക്ക് മൊബൈൽ ആപ്പ് നിർമ്മിക്കാൻ സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
20 വർഷമായി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവിതരണം അട്ടിമറിച്ച് സ്വകാര്യ ബാർ ഹോട്ടലുകൾക്കും ചില്ലറ മദ്യവില്പനയ്ക്കുള്ള അവസരമൊരുക്കി. ഇതിന്റെ ഭാഗമായി എഫ്.എൽ 3 ലൈസൻസുള്ള ബാറുകൾക്ക് ഹോട്ടൽ പരിസരത്ത് പ്രത്യേക കൗണ്ടർ സജ്ജമാക്കി മദ്യക്കുപ്പികൾ വില്ക്കാൻ അനുമതി നൽകി. ഈ മാസം 14ന് ഫോറിൻ ലിക്വർ റൂളിൽ ഭേദഗതിവരുത്തി വിജ്ഞാപനമിറക്കിയെങ്കിലും, ഉത്തരവ് വന്നത് 18നാണ്. ഇതിൽ ദുരൂഹതയുണ്ട്.
വെർച്വൽ ക്യൂ 'ആപ്പി'നുള്ള ടെൻഡറിൽ 29 കമ്പനികൾ പങ്കെടുത്തിട്ടും, ബിവറേജസ് കോർപറേഷനും ഐ.ടി വകുപ്പും ചേർന്ന് രൂപം കൊടുത്ത പ്രത്യേക സമിതി മാനദണ്ഡങ്ങൾ മറികടന്ന്, പ്രവർത്തന പരിചയമില്ലാത്ത ഫെയർ കോഡിനെയാണ് തിരഞ്ഞെടുത്തത്. ഒരു കമ്പനി എസ്.എം.എസ് ചാർജും, മറ്റ് രണ്ട് കമ്പനികൾ ഡെവലപ്‌മെന്റ് ചാർജും വേണ്ടെന്നറിയിച്ചിട്ടും, അവയെ തഴഞ്ഞ് എസ്.എം.എസ് ചാർജിന് 12 പൈസ ആവശ്യപ്പെട്ട ഫെയർകോഡിന് ടെൻഡർ നൽകി. വർക്ക് ഓർഡറിൽ ഇത് 15 പൈസയാക്കി. എസ്.എം.എസ് അയയ്ക്കേണ്ട ടെലികോം കമ്പനികളുമായി നേരിട്ട് ധാരണയിലെത്താൻ അനുമതി നൽകിയതിലൂടെ, സ്വകാര്യ കമ്പനിക്ക് കോടികളുടെ വരുമാനം ലഭിക്കാനും അവസരമൊരുക്കി- ചെന്നിത്തല പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |