തിരുവനന്തപുരം: വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് പ്രതികൾക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ വെഞ്ഞാറമൂട്ടിലെ ആറ് പഞ്ചായത്ത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. മാണിക്കൽ, മുതാക്കൽ, വാമനപുരം, പുളിമാത്ത്, പുല്ലംപാറ പഞ്ചായത്ത് പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടുകളാക്കി ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഇവിടെ പൊലീസും ആരോഗ്യ വകുപ്പും പരിശോധനകളും ശക്തമാക്കി.
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിയ കേസിൽ പൊലീസ് പിടിയിലായ പുല്ലംപാറ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അബ്കാരി കേസിൽ അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് വെഞ്ഞാറമൂട്ടിൽ സ്ഥിതിഗതികൾ ആശങ്കാജനകമാക്കിയത്. കൊവിഡ് രോഗികളായ പ്രതികളെ അറസ്റ്ര് ചെയ്ത കേസിൽ വെഞ്ഞാറമൂട് സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർ ക്വാറന്റൈനിൽ പോയതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ 13 പൊലീസുകാരെകൂടി ഇന്നലെ ക്വാറന്റൈനിലാക്കി.
കഴിഞ്ഞദിവസം മകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും വീടിന് തീ വയ്ക്കുകയും ചെയ്ത കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ഫയർസ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ എട്ട് ഫയർഫോഴ്സ് ജീവനക്കാരും ഇവർക്കൊപ്പം
ക്വാറന്റൈനിലുണ്ട്. ഞായറാഴ്ച അബ്കാരി കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്‌റ്റേഷനിലെ 34 പൊലീസുകാർ ക്വാറന്റൈനിൽ പോയിരുന്നു. ഇതോടെ വെഞ്ഞാറമൂട് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ക്വാറന്റൈനിലാണ്.
വിവിധ സ്റ്റേഷനുകളിൽനിന്ന് പൊലീസുകാരെ എത്തിച്ചാണ് പ്രവർത്തനം. പാങ്ങോട് എസ്.ഐക്കാണ് സ്റ്റേഷൻ ചുമതല. റിമാൻഡ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ച് മൂന്നുദിവസം പിന്നിട്ടിട്ടും രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർക്ക് കഴിയാത്തത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കി റിമാൻഡിലായ പ്രതിക്ക് തമിഴ്നാട്ടിൽനിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് നിഗമനം.
ഇയാളുടെ സമ്പർക്കപ്പട്ടികയിലുള്ള നൂറോളം പേർ വിവിധ സ്ഥലങ്ങളിലായി നിരീക്ഷണത്തിലാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടവും വ്യക്തമല്ല. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ടും അല്ലാതെയും പലസ്ഥലങ്ങളിലും ചുറ്റിക്കറങ്ങുകയും ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്ത ഇവർക്ക് രോഗ ബാധയുണ്ടതെവിടെ നിന്നാണെന്ന് സ്ഥിരീകരിച്ചാലേ സമൂഹവ്യാപനം പോലുള്ള സ്ഥിതിഗതികൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പിനാകൂ.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കിയിരിക്കുകയാണ്. തീവ്രബാധിത പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യമായി കറങ്ങി നടക്കുന്നതും തടയാൻ വാഹനപരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി ആറ്റിങ്ങൽ ഡി.വൈ.എസ്.പി വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |