എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് ചാരായം വാറ്റ് കേന്ദ്രത്തിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ വാഷ് പിടികൂടിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ മണ്ടംപറമ്പ് പ്ലാവളപ്പിൽ മണി എന്ന സുനിത്ത് (34), ചുള്ളിവളപ്പിൽ താമി എന്ന സതീശൻ (39) എന്നിവർക്കെതിരെയാണ് തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കേസെടുത്തിട്ടുള്ളത്.
ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. കാട് പിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 34 കുടങ്ങളിലായി കലക്കി വച്ചിരുന്ന 510 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസിന്റെ നിർദ്ദേശ പ്രകാരം ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
തുടർന്ന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പ്രതിചേർത്തത്. ഇവരെ കൂടാതെ കൂടുതൽ പേർ കേസിൽ പ്രതിയാകാനും സാദ്ധ്യതയുണ്ട്. മണ്ടംപറമ്പ് പ്രദേശത്ത് ചാരായ നിർമ്മാണവും വിൽപ്പനയും വ്യാപകമാണ്. കൊവിഡ് സഹചര്യത്തിൽ ലിറ്ററിന് 2000 രൂപ ഈടാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ഇതര ജില്ലകളിലേക്കും ഇവിടെ നിന്ന് ചാരായം കൊണ്ട് പോയിരുന്നതായും നാട്ടുകാർ പറയുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |