കോഴിക്കോട് : ഓൺലൈൻ സ്‌കൂൾ പഠനം ആരംഭിക്കുമ്പോൾ ശ്രവണ, കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികളെയും പരിഗണിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് ആവശ്യപ്പെട്ടു.
നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോണോ വീട്ടിൽ ടെലിവിഷനോ ഇല്ല.
ഫോണിന്റെ സാങ്കേതിക പരിജ്ഞാനമില്ലാത്ത രക്ഷിതാക്കൾക്ക് കുട്ടികളെ സഹായിക്കാനുമാവില്ല.
ഓണലൈൻ ടി.വി ക്ലാസുകളിൽ കേൾവിയും കാഴ്ചയും ഇല്ലാത്തവർക്ക് പഠിച്ചെടുക്കുക വളരെ പ്രയാസകരമായിരിക്കും ശബ്ദങ്ങളും ചിത്രങ്ങളും ആനിമേഷനുകളുമൊക്കെ ഇവർക്ക് തിരിച്ചറിയാനാവില്ല. രക്ഷിതാക്കൾക്ക് ഇവരെ സഹായിക്കാൻ ജോലിയ്ക്ക് പോവാതെ വീട്ടിലിരിക്കുക എന്നതും പ്രായോഗികമല്ല.
സ്‌കൂൾ തുറക്കുന്നത് വല്ലാതെ നീണ്ടുപോയാൽ സ്‌പെഷ്യൽ സ്‌കൂളുകളിലെ മുഴുവൻ അംഗപരിമിതരുടെയും ഭാവി കൂടുതൽ ഇരുളടയാനിടയാവും. ഇവിടങ്ങളിൽ പ്രത്യേകം പരിശീലനം നേടിയ അദ്ധ്യാപകർ ഓരോ കുട്ടിയ്ക്കും വ്യക്തിപരമായ ശ്രദ്ധ നൽകിയാണ് മെച്ചപ്പെടുത്തി കൊണ്ടുവരുന്നത്. ഇത് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ കഴിയില്ല.
പ്രതികൂലമായ ഈ സാഹചര്യത്തിൽ കാഴ്ച - കേൾവി പരിമിതരായ വിദ്യാർത്ഥികളുടെ കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കാൻ അധികൃതർ തയ്യാറാകണം.
അതിജീവനത്തിന്റെ ഈ കാലത്ത് ഓൺലൈൻ പഠനം ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ കാഴ്ച - കേൾവി പരിമിതിയുള്ളവരെ മാറ്റി നിറുത്തുന്നത് ഖേദകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |