തണ്ണിത്തോട്: മേക്കണ്ണത്തിൽ ജനവാസമേഖലയിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ പടക്കം വെച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മേക്കണ്ണം നെടുമ്പള്ളിൽ, സുനിൽകുമാർ ( 37), പുത്തൻപറമ്പിൽ തമ്പി ( 50 ), പുത്തൻപുരയിൽ അശോകൻ ( 43) എന്നിവരാണ് അറസ്റ്റിലായത്. സുനിൽകുമാറിന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് പടക്കം വച്ച് കൊന്നത്. അവശിഷ്ടങ്ങളിൽ ഒരു ഭാഗം അയൽവാസിയായ തമ്പിക്ക് സുനിൽകുമാർ നൽകി. കറിവച്ച് ഒരുഭാഗം തമ്പി തന്റെ അയൽവാസിയായ അശോകന് നൽകുകയായിരുന്നു. റാന്നി ഫ്‌ളൈയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസർ ബി.ഗിരിയുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ആർ.സുനിൽകുമാർ, എ.എസ്.മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.എസ്.ശ്രീരാജ്,വിഗോപകുമാർ,എം.എസ്.ഷിനോജ്,എം.ആർ.നാരായണൻകുട്ടി എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |