തിരുവനന്തപുരം: ഇളവുകളുണ്ടെന്ന് തെറ്റിദ്ധരിച്ച് ആളുകൾ കൂട്ടമായി നിരത്തിലിറങ്ങിയതോടെ വഴുതക്കാട്, പൂജപ്പുര, തിരുവല്ലം, അട്ടകുളങ്ങര, മണ്ണന്തല, പി.എം.ജി, പാളയം, പേട്ട, സ്റ്റാച്യു, കേശവദാസപുരം തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. മെഡിക്കൽ ആവശ്യങ്ങൾക്കും ആവശ്യ സർവീസായി അനുവദിച്ചിട്ടുള്ളവർക്കും യാത്രാനുമതി നൽകി. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തു. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്കവയും അടഞ്ഞു കിടന്നു. മിക്ക മെഡിക്കൽ സ്റ്റോറുകളും തുറന്നില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവീസ് നടത്തിയില്ല. ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഭക്ഷണവിതരണം നടന്നു. പാളയം, ചാല, ആനയറ എന്നീ മാർക്കറ്റുകളും തുറന്നില്ല. പാൽ, പത്രവിതരണം എന്നിവ തടസപ്പെട്ടില്ല. ശുചീകരണ ദിനമായി ആചരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയർ കെ. ശ്രീകുമാറും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ശുചീകരണത്തിൽ പങ്കാളിയായി.
നൂറു വാർഡുകൾ ശുചിയാക്കി നഗരസഭ
നഗരസഭയുടെ നേതൃത്വത്തിൽ 100 വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. രാവിലെ 7.30 ന് കാര്യവട്ടം കാമ്പസിന് സമീപം പൊതുയിടം വൃത്തിയാക്കി കൊണ്ടു മേയർ കെ. ശ്രീകുമാർ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഹൗസിംഗ് കോളനികൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശൂചീകരണം. 162സ്ഥലങ്ങളിൽ നിന്നായി 55 ടൺ മാലിന്യം നീക്കം ചെയ്തു. ആശാവർക്കർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരുടെ നേതൃത്വത്തിൽ 163872 വീടുകളിൽ ഉറവിട നശീകരണം നടത്തി. ബോധവത്കരണ നോട്ടീസ് നൽകി. 789 ഓടകൾ വ്യത്തിയാക്കി. കഴക്കൂട്ടം കൃഷി ഭവൻ, ചട്ടമ്പി സ്വാമി പാർക്ക്, പുത്തരിക്കണ്ടം മൈതാനം, ചാല
മാർക്കറ്റ്, പാളയം മാർക്കറ്റ്, സ്‌കൂളുകൾ അംഗണവാടികൾ, മൃഗാശുപത്രികൾ, കൃഷിഭവനുകൾ തുടങ്ങി മുപ്പത്തിരണ്ട് പൊതുയിടങ്ങൾ വൃത്തിയാക്കി.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, വഞ്ചിയൂർ പി.ബാബു, എസ്. പുഷ്പലത, ഐ.പി. ബിനു, എസ്.എസ്. സിന്ധു, സി. സുദർശനൻ, സിമിജ്യോതിഷ് എന്നിവർ 25 ഹെൽത്ത് സർക്കിളുകളിലായി നേതൃത്വം നൽകി.
രജിസ്റ്റർ ചെയ്‌ത കേസുകൾ-213
അറസ്റ്റിലായവർ-186
കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ-118
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |