തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ സംസ്ഥാനത്ത് എന്തൊക്കെ നടപ്പാകുമെന്ന് ഇന്നറിയാം. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. ഈ മാസം എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനം ഇത് അതേപടി അംഗീകരിക്കാൻ സാദ്ധ്യതയില്ലയെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
അന്തർസംസ്ഥാന യാത്രയ്ക്ക് പാസ് തുടർന്നും ഏർപ്പെടുത്താനാണ് സാദ്ധ്യത. ആരാധനാലയങ്ങൾ തുറന്നാൽ തന്നെ ആളുകളുടെ എണ്ണം കർശനമായി പരിമിതപ്പെടുത്തും. ഹോട്ടലുകളിൽ ആകെ സീറ്റിന്‍റെ പകുതിയാളുകളെ മാത്രമേ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കൂ. മാളുകളിൽ 50 ശതമാനം കടകൾ ഒന്നിടവിട്ട ദിനങ്ങളിൽ തുറക്കാനായിരിക്കും തീരുമാനം.
രാജ്യത്തെ ഘട്ടംഘട്ടമായി ലോക്ക് ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതുവരെ ലോക്ക്ഡൗൺ ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിങ്ങനെ നാലാംഘട്ടമായി വരെ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പുതിയ മാർഗ നിർദേശത്തെ വിശേഷിപ്പിക്കുന്നത് 'അൺലോക്ക് വൺ' എന്നാണ്.
മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗണിന് പുറത്തേക്കുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കുക. പുതിയ അൺലോക്ക് വൺ ഘട്ടത്തിൽ രാജ്യത്ത് തീവ്രബാധിതമേഖലകൾ അല്ലാത്ത ഇടങ്ങളിൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. തീവ്രബാധിതമേഖലകൾ അല്ലാത്ത ഇടത്ത് എല്ലാ മേഖലകളെയും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയാണ് കേന്ദ്ര സർക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |