മലപ്പുറം: ഓൺലൈൻ അദ്ധ്യയനത്തിന്റെ ആദ്യദിനം ജില്ലയിൽ ആബ്സന്റായി 64,000 കുട്ടികൾ. വിദ്യാഭ്യാസ വകുപ്പിന്റെ വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കാണാൻ സംവിധാനമില്ലാത്തതാണ് ഈ കുട്ടികളെ ഓൺലൈനിന് പുറത്തിരുത്തിയത്. ഓൺലൈൻ ക്ലാസിന് മുന്നോടിയായി ലാപ്ടോപ്പ്, ടെലിവിഷൻ, സ്മാർട്ട് ഫോൺ എന്നിവയില്ലാത്ത കുട്ടികളുടെ വിവരശേഖരണം രണ്ടാഴ്ച്ച മുമ്പ് സർവ ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പൂർത്തിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. വിഷയത്തിൽ ഒരാഴ്ച്ച മുമ്പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ ഓൺലൈൻ പഠന സംവിധാനങ്ങൾ ആദ്യദിനം ഒരുക്കില്ല. എസ്.എസ്.എ കണക്കിലെ കൃത്യത ഉറപ്പാക്കാൻ വാർഡ് മെമ്പർമാർ നടത്തുന്ന കുട്ടികളുടെ വിവര ശേഖരണം രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാവും.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്ന് വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ചേർന്ന് ഓൺലൈൻ പഠന സംവിധാനങ്ങൾ എല്ലാവർക്കും ഉറപ്പാക്കുന്നത് ചർച്ച ചെയ്യും. എസ്.എസ്.എയുടെ പ്രതിഭാ കേന്ദ്രങ്ങൾ, ആദിവാസി കുട്ടികൾക്കായി ഊരുവിദ്യാലയങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി ക്ലാസ് നൽകാനാണ് ആലോചന. ടിവി വാങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടും. ലാപ്ടോപ്പുകൾ വേണ്ടയിടങ്ങളിൽ സമീപത്തെ സ്കൂളുകളിൽ നിന്നെടുക്കും. ആദിവാസി മേഖലകളിൽ ഇന്റർനെറ്റിന്റെ പ്രശ്നമുള്ളതിനാൽ ക്ലാസുകൾ സിഡി രൂപത്തിലാക്കി കാണിക്കും. നിലമ്പൂർ മേഖലയിൽ ഇതിനായി 15 കേന്ദ്രങ്ങൾ കണ്ടെത്തി. സന്നദ്ധ പ്രവർത്തകരുടെ സഹായവും തേടും. ലോക്ക് ഡൗണോടെ ട്രൈബൽ ഹോസ്റ്റലുകളിൽ നിന്നും ഊരുകളിലേക്ക് പോയ കുട്ടികളെ തിരിച്ചെത്തിക്കേണ്ടതുണ്ട്.
എല്ലാം ഓൺലൈനിൽ
പുത്തൻ യൂണിഫോമും ബാഗും കുടയുമേന്തി സ്‌കൂളിലേക്ക് പോവുന്നതിന് പകരം ടെലിവിഷനും ലാപ്‌ടോപ്പിനും സ്മാർട്ട് ഫോണിനും മുന്നിലായി ആദ്യ അദ്ധ്യയന ദിനം. ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങൾ നിശ്ചിത സമയക്രമത്തിൽ വിക്ടേഴ്സ് ചാനലിലും യൂട്യൂബിലും ലഭ്യമായി. ക്ലാസുകൾ സംബന്ധിച്ച ചർച്ചയും കുട്ടികളുടെ സംശയങ്ങൾ ദുരീകരിക്കാനും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. കുട്ടികൾ ക്ലാസുകൾ കാണുന്നുണ്ടെന്ന് ടീച്ചർമാർ ഉറപ്പാക്കും.
കുട്ടികളിൽ ഭൂരിഭാഗം പേരും ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിട്ടുണ്ട്. ഓൺലൈൻ സൗകര്യങ്ങൾ ഇല്ലാത്തവരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണും.
കെ.എസ്. കുസുമം, ഡി.ഡി.ഇ
യുട്യൂബ് ചാനലും ഉള്ളതിനാൽ ആദ്യദിനം പങ്കെടുക്കാത്ത കുട്ടികൾക്ക് ക്ലാസ് നഷ്ടപ്പെടില്ല. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ എല്ലാവർക്കും ഓൺലൈൻ സൗകര്യമൊരുക്കാനാണ് ശ്രമം.
വേണുഗോപാൽ, എസ്.എസ്.എ, ജില്ലാ പ്രൊജക്ട് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |