നെടുമങ്ങാട്: ആനാട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നെടുമങ്ങാട്ടും സമീപ പ്രദേശങ്ങളും കനത്ത ജാഗ്രതയിൽ. ജില്ലാ ആശുപത്രിയിലെ 14 ആരോഗ്യ പ്രവർത്തകർ ക്വാറന്റൈനിലാണ്. രോഗം സ്ഥിരീകരിച്ച 33കാരനെ മെഡിക്കൽ കോളേജ് കൊറോണ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് മഞ്ചയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപാനത്തിനിടെ കുഴഞ്ഞ് വീണ് അവശനിലയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് ഡ്യൂട്ടി ഡോക്ടർ ഉൾപ്പെടെ ക്വറന്റൈനിൽ പ്രവേശിച്ചത്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ സുഹൃത്തുക്കളിൽ നാഗച്ചേരി, വലിയമല സ്വദേശികളായ രണ്ട് പേരെ നീരിക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ ഇയാളുടെ സഹോദരന്റെ മകനായ പ്ളസ് ടു വിദ്യാർത്ഥിയെയും ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ 29 ന് തമിഴ്‍നാട്ടിൽ നിന്ന് മദ്യം വാങ്ങി യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന ആനാട്,പുലിപ്പാറ,നാഗച്ചേരി എന്നിവിടങ്ങളിലും മഞ്ചയിലെ ബന്ധുവീട്ടിലും വച്ചാണ് കഴിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ഡി.എം.ഒ തയ്യാറാക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ശില്പ തോമസും നെടുമങ്ങാട് സി.ഐ രാജേഷ് കുമാറും പറഞ്ഞു. ആനാട്ടെ പോസിറ്റീവ് കേസിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെയും നെടുമങ്ങാട് തഹസിൽദാരുടെയും നേതൃത്വത്തിൽ നഗരസഭ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തര യോഗം ചേർന്നു. ആനാട് പഞ്ചായത്തിൽ പൂർണമായും നഗരസഭയിലെ പുലിപ്പാറ, കൊല്ലങ്കാവ് വാർഡുകളിലും സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് യോഗം ശുപാർശ ചെയ്തു. ഡി.കെ. മുരളി എം.എൽ.എ ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ,പൊലീസ്, തദ്ദേശ ജനപ്രതിനിധികൾ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റി പൂട്ടിയെന്ന് കുപ്രചാരണം
ജീവനക്കാരിൽ ചിലർ നിരീക്ഷണത്തിൽ കഴിയുന്നതിന്റെ മറവിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കാഷ്വാലിറ്റി അടച്ചുപൂട്ടി എന്ന നിലയിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പരക്കുന്നു. ഇത് വസ്തുതാ വിരുദ്ധമാണെന്നും 320 ഓളം ജീവനക്കാരുള്ള ആശുപത്രിയിൽ വിരലിലെണ്ണാവുന്ന ചിലർ മാത്രമാണ് നിരീക്ഷണത്തിലുള്ളതെന്നും ഇതിന്റെ പേരിൽ കാഷ്വാലിറ്റി അടച്ചു പൂട്ടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും സൂപ്രണ്ട് ഡോ.ശില്പ തോമസ് പറഞ്ഞു. ഒരു ഡോക്ടറുൾപ്പെടെ 14 പേരാണ് നിരീക്ഷണത്തിലുള്ളത്. ഹോം ക്വറന്റൈനിന് വീടുകളിൽ സൗകര്യം ഇല്ലാത്തവരാണ് ആശുപത്രിയിൽ കഴിയുന്നത്. ഐസൊലേഷൻ വാർഡിൽ നിലവിൽ ഒരാളേയുള്ളൂ. ആനാട്ട് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ലഭിച്ച റൂട്ട് മാപ്പ് അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ശില്പ തോമസ് അറിയിച്ചു.
ആനാട്ട് സർവകക്ഷിയോഗം
നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ സമ്പർക്കം മുഖേനയുള്ള രോഗപകർച്ച തടയുന്നതിനായി അവശ്യ സർവീസുകൾ ഒഴികെയുള്ള കടകമ്പോളങ്ങൾ അടച്ചിടുന്നതിനും രോഗവ്യാപനം തടയുന്നതിന് മുൻകരുതൽ ശക്തമാക്കുന്നതിനും ജില്ലാ കളക്ടറോട് ആവശ്യപ്പെടാൻ പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. ജനങ്ങൾ വീടുകളിൽ തുടരുന്നതിന് സമ്പൂർണ അടച്ചിടൽ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. തഹസിൽദാർ എം,കെ.അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അക്ബർ ഷാ, ഷീബാബീവി, പൊലീസ് ഉദ്യോഗസ്ഥർ,പഞ്ചായത്ത് അംഗങ്ങൾ,എം.എൽ.എയുടെ പ്രതിനിധി പത്മകുമാർ, ആനാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ,മെഡിക്കൽ ഓഫീസർ മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.വി.സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |