തൃശൂർ: കൊവിഡ് ലോക്ക് ഡൗൺ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിൽ ക്‌ളാസുകൾ തുടങ്ങിയെങ്കിലും വൈദ്യുതിമുടക്കവും വെബ്‌സൈറ്റ് തുറക്കാനാകാതിരുന്നതും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ആശങ്ക സൃഷ്ടിച്ചു. മഴയിൽ പലയിടങ്ങളിലും വൈദ്യുതി ഇല്ലാതായപ്പോൾ ടി.വി ചാനലിലെ ക്‌ളാസ് മുടങ്ങി. ലക്ഷക്കണക്കിന് പേർ ഒരേസമയം ഉപയോഗിക്കുന്നതിനാൽ കമ്പ്യൂട്ടറിലും സ്മാർട്ട്‌ഫോണിലും വെബ്‌സൈറ്റുകൾ പലർക്കും ലഭ്യമായില്ല.
അതേസമയം, പരിമിതികൾ തിരിച്ചറിഞ്ഞ് പുതിയ അദ്ധ്യയനരീതിയെ സ്വാഗതം ചെയ്യുന്നവരാണ് ഭൂരിഭാഗവും. സമയവും പണവും ഊർജ്ജവും ലാഭിക്കാമെന്നതും യാത്രാദുരിതങ്ങളും മറ്റും ഒഴിഞ്ഞതുമാണ് ആശ്വാസം. ഓൺലൈൻ ക്‌ളാസിൽ ശ്രദ്ധ കുറയുന്നുവെന്ന പരിഭവവും രക്ഷിതാക്കൾക്കുണ്ട്. കൂട്ടുകാരോടൊത്തുളള കളിയും സൗഹൃദവും നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് വിദ്യാർത്ഥികൾക്ക്. വേണ്ടത്ര പരിശീലനവും സാങ്കേതിക പരിജ്ഞാനവും ലഭിക്കാത്തതാണ് അദ്ധ്യാപകരെ അലട്ടുന്നത്. മൊബൈലിനും കമ്പ്യൂട്ടറിനും അടിമകളായി വിദ്യാർത്ഥികൾ മാറുമോ എന്ന ആശങ്കകളും നേത്രരോഗങ്ങൾ വരുമെന്ന ഭീതിയുമാണ് മറുവശത്ത്.
ഗുണങ്ങൾ:
എവിടെയിരുന്നും പഠിക്കാമെന്നതിനാൽ കൂടുതൽ സ്വാതന്ത്ര്യം കൈവരും.
ക്ലാസുകളെക്കുറിച്ച് അദ്ധ്യാപകർ കുട്ടികളുമായുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ വിലയിരുത്താനാകും
ക്‌ളാസുകളുടെ രീതികുളും പഠനക്രമങ്ങളും രക്ഷിതാക്കൾക്കും വിലയിരുത്താൻ കഴിയും
ഏത് സമയത്തും ക്‌ളാസുകൾ ആവർത്തിച്ച് കണ്ട് കൂടുതൽ ഹൃദിസ്ഥമാക്കാനുളള അവസരം
ദോഷങ്ങൾ:
നേരിട്ട് ഇടപഴകി അദ്ധ്യാപകന് വിദ്യാർത്ഥിയുടെ മാർഗദർശിയാകാൻ അവസരമില്ലാതായി.
സംശയങ്ങൾ അദ്ധ്യാപകനിൽ നിന്ന് നേരിട്ട് ചോദിച്ച് മനസിലാക്കാനുള്ള സാഹചര്യങ്ങളില്ല.
പെട്ടെന്ന് ഓൺലൈൻ പഠനത്തിലേക്ക് മാറുന്നതിനാൽ അദ്ധ്യാപനമികവ് പുറത്തെടുക്കാനാവില്ല.
വീഡിയോ തയ്യാറാക്കിയും ഡിജിറ്റൽ പാഡിൽ ചിത്രസഹിതം പഠിപ്പിക്കുന്നതിനും അദ്ധ്യാപകർക്ക് പരിചയക്കുറവ്
ഓൺലൈൻ ടിപ്‌സ്:
# ടൈംടേബിൾ തയാറാക്കി ചിട്ടയോടെ പഠിക്കണം, പഠനത്തിനുളള തയ്യാറെടുപ്പുകൾ നടത്തണം
# ഇന്റർനെറ്റ് കണക്ടിവിറ്റി, കമ്പ്യൂട്ടർ, ലാപ്‌ടോപ്, ടാബ്‌ലറ്റ്, സ്മാർട്‌ഫോൺ അപ്‌ഡേറ്റഡ് ആകണം.
# പാഠങ്ങളുടെ കുറിപ്പുകളെടുത്താൽ ആവർത്തിച്ച് പഠിക്കാനും കൂടുതൽ ശ്രദ്ധ പുലർത്താനും ഉപകരിക്കും
# ഇടവേളകളിൽ ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയവ ഉപയോഗിക്കരുത്, സഹപാഠികളുമായി ബന്ധം തുടരാം
# വിശദപഠനങ്ങൾക്ക് ആധികാരിക വെബ്‌സൈറ്റുകളും പാഠപുസ്തകങ്ങളും മാത്രം ആശ്രയിക്കുക.
കണ്ണുകൾക്ക് കരുതൽ:
കമ്പ്യൂട്ടർ സ്‌ക്രീനിനും കണ്ണിനും ഇടയിലുള്ള ദൂരം 50 സെ.മീ വേണം
പ്രകാശം ഇല്ലാത്ത മുറിയിൽ ഇരുന്ന് സ്‌ക്രീനുകളിലേക്കു നോക്കരുത്
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഉപയോഗിക്കാതിരിക്കുക
നേത്രവ്യായാമം ചെയ്യാൻ:
https://youtu.be/OLd2_bbbgqI
'' മൊബൈലും കമ്പ്യൂട്ടറും മുൻകരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ നേത്ര രോഗങ്ങൾ കൂടും. ദിവസവും തല കുളിക്കുക, തലയിൽ എണ്ണ തേയ്ക്കുക എന്നിവ കണ്ണിന്റെ ആരോഗ്യത്തിനും വരൾച്ച ഒഴിവാക്കാനും നല്ലതാണ്. കൊത്തമല്ലി, ഉണക്കമുന്തിരി, നന്ത്യാർവട്ട പൂവ് എന്നിവ ഓരോ പിടി ചതച്ച് കിഴികെട്ടി 4 ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. തണുത്തതിനു ശേഷം കണ്ണിൽ ധാര ചെയ്താൽ കണ്ണിന് സ്വാഭാവികപ്രസന്നതയും തണുപ്പുമുണ്ടാകും. ''
ഡോ. പി.കെ. നേത്രദാസ്, നേത്രചികിത്സാ വിഭാഗം, ജില്ലാ ആയുർവേദ ആശുപത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |