നിവേദനമായി പരിഗണിക്കാൻ കേന്ദ്രത്തിന് നിർദേശം
ന്യൂഡൽഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി സ്വദേശി നമ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയുടെ പകർപ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സമർപ്പിക്കാൻ ഹർജിക്കാരനോട് നിർദേശിച്ച കോടതി, ആവശ്യം നിവേദനമായി പരിഗണിക്കാൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തിൽ രാജ്യത്തിന്റെ പേരും മാറ്റണമെന്നായിരുന്നു ആവശ്യം. 'ഭാരതത്തിനു പകരം കൊളോണിയൽ ശക്തികൾ ഇട്ട 'ഇന്ത്യ' ഇനിയും നിലനിറുത്തുന്നതിൽ അർത്ഥമില്ല. സ്വാതന്ത്ര്യ സമരകാലത്ത് ഉയർന്ന പ്രധാന മുദ്രാവാക്യം ഭാരത് മാതാ കി ജയ് എന്നായിരുന്നു. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്ത് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് ഹർജിയിലെ ആവശ്യം.
ഭരണഘടനയിൽ ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഉണ്ടെന്നും ഒന്നാം ഷെഡ്യൂളിൽ അതു വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ . ബോബ്‌ഡെ ഉൾപ്പെട്ട ബെഞ്ച് അറിയിച്ചു.ഹർജിയിലെ ആവശ്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കോടതി ഇടപെടുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ കേന്ദ്രത്തെ സമീപിക്കാൻ അനുവദിക്കണം എന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഇതൊരു നിവേദനമായി പരിഗണിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
2014 ൽ ലോക്‌സഭാംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര് 'ഭാരതം' എന്നാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഉപക്ഷേപം സഭയിൽ കൊണ്ടുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |