കൊൽക്കത്ത: ചെറുകിട ബിസിനസ് സംരംഭകർക്ക് പരമാവധി എട്ട് ശതമാനം പലിശയ്ക്ക് വായ്‌പ ലഭ്യമാക്കാനായി ബാങ്കുകളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (എം.സി.സി.ഐ) ഭാരവാഹികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബിസിനസ് ലോകം ഉറ്റുനോക്കുന്നത് കുറഞ്ഞ പലിശനിരക്കുള്ളതും അതിവേഗം ലഭിക്കുന്നതുമായ വായ്‌പകളെയാണ്. ഇതു ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. 100 ശതമാനം കേന്ദ്ര ഗ്യാരന്റിയോടെ ആത്‌മനിർഭർ പാക്കേജിൽ പ്രഖ്യാപിച്ച വായ്‌പാ ആനുകൂല്യങ്ങൾ ബാങ്കുകൾ കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
നികുതി സംബന്ധിച്ച് വസ്‌ത്രനിർമ്മാണ മേഖല നേരിടുന്ന ആശയക്കുഴപ്പം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സിന്തറ്രിക് ഫൈബറിന് 18 ശതമാനവും നാരിന് 12 ശതമാനവുമാണ് ജി.എസ്.ടി. എന്നാൽ, അന്തിമ ഉത്പന്നത്തിന് നികുതി അഞ്ചു ശതമാനം മാത്രമാണ്. ഇത്, ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന നയമാണെന്നും ആഭ്യന്തര നിർമ്മാണത്തെ തളർത്തുമെന്നുമുള്ള വിമർശനങ്ങളുടെ പശ്‌ചാത്തലത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |