പാലക്കാട്: ജില്ലയിൽ അഞ്ച് ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പെടെ 11 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ജില്ലാ ആശുപത്രി ജീവനക്കാരായ നാലുപുരുഷന്മാർക്കും ഒരു സ്ത്രീക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരുടെ എണ്ണം 29 ആയി.
സൗദിയിൽ നിന്നും ജില്ലയിലെത്തിയ മുളയങ്കാവ് സ്വദേശി (29, പുരുഷൻ), ദുബായിൽ നിന്നും വന്ന ആനക്കര സ്വദേശി (52, പുരുഷൻ) എന്നിവർ മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്. അബുദാബിയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി (33, പുരുഷൻ), പട്ടാമ്പി മരുതൂർ സ്വദേശി (32, പുരുഷൻ) എന്നിവർക്കും കാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശി (38, സ്ത്രീ), മുണ്ടൂർ സ്വദേശി (35, പുരുഷൻ) എന്നിവർക്കുമാണ് ഇന്നലെ കോവിഡ് പോസിറ്റീവ് ആയത്.
ഇതോടെ രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 172 ആയി. ജില്ലയിലെ വിവിധ ആശുപത്രികളിലായി ആകെ 16 പേർ നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി ഇതുവരെ 10,274 സാമ്പിളുകളാണ് അയച്ചത്. കഴിഞ്ഞദിവസം 17 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു. രണ്ടാംഘട്ടത്തിൽ ഇതുവരെ ആകെ 44 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1357 സാമ്പിളുകളും ഓഗ്‌മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളുമാണ് പരിശോധിച്ചത്.
ഹോട്ട് സ്പോട്ടുകൾ
പുതുപ്പരിയാരം പഞ്ചായത്തിലെ 20ാം വാർഡ്, കണ്ണാടിയിലെ രണ്ടാം വാർഡ്, വടക്കഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡ് അഞ്ചുമൂർത്തിമംഗലം തെക്കേത്തറയും, വണ്ടാഴി പഞ്ചായത്തിലെ 9, 10 വാർഡുകളായ വണ്ടാഴി ടൗൺ, കിഴക്കേത്തറ, പൂക്കോട്ടുകാവിലെ ഏഴാം വാർഡ്, തെങ്കരയിലെ എട്ടാം വാർഡ്, പിരായിരിയിലെ 11, 12 വാർഡുകൾ, കൊല്ലങ്കോട്ടിലെ നാലാം വാർഡ് എന്നിവയാണ് ഇന്നലെ പുതുതായി പ്രഖ്യാപിച്ച ഹോട്ട്‌സ്‌പോട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |