പാലോട്: അകാലത്തിൽ പൊലിഞ്ഞ വിതുര ഗവ. യു.പി.എസിലെ അദ്ധ്യാപകൻ നന്ദിയോട് ഓട്ടുപാലം സ്വദേശി ബിനു സാറിന് അന്ത്യയാത്ര നൽകാൻ നൂറുകണക്കിനുപേർ എത്തി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. വെള്ളിയാഴ്ച രാത്രി അബദ്ധത്തിൽ തോട്ടിൽവീണായിരുന്നു മരണം. പാരലൽ കോളേജ് അദ്ധ്യാപകനായിരുന്ന ബിനു കണ്ടക്ടറായി സേവനമനുഷ്ഠിക്കവേയാണ് അദ്ധ്യാപകനായി ജോലി ലഭിക്കുന്നത്.
പത്താം ക്ലാസ്സ് കഴിഞ്ഞിറങ്ങിയതുമുതൽ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുത്തായിരുന്നു തുടർപഠനം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. സർക്കാർ പഠനം ഓൺലൈനാക്കിയപ്പോൾ ഏഴാം ക്ലാസിലെ ഗണിതം പഠിപ്പിക്കാൻ വിക്ടേഴ്സ് ചാനലിൽ എത്തിയതും കുട്ടികളുടെ പ്രിയപ്പെട്ട ബിനു ആയിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി സജീവമായിരുന്നു . കെ.എസ് ടി എ യുടെ സജീവ പ്രവർത്തകനും. ജില്ലയിലെ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന ഡിസ്ട്രിക്ട് റിസോഴ്സ് ഗ്രൂപ്പ് അംഗവും ഗണിത വിഭാഗം പരിശീലകനും ആയിരുന്നു. എസ്.ഇ.ആർ.ടിയിലെ വിദഗ്ദ്ധ സമിതിയിലും അംഗമായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കഥാരചനയയ്ക്കും, ചിത്രരചനയ്ക്കും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്ന പ്രതിഭയായിരുന്നു വിക്ടേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത ഏഴാം ക്ലാസിലെ ഗണിതം തുടർഭാഗം സംപ്രേഷണം ചെയ്യുമ്പോൾ കണ്ണുനീർ തുടയ്ക്കാതിക്കാൻ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് കഴിയില്ല. ദർശനാ സ്കൂളിലെ അദ്ധ്യാപികയായ ക്രിഷ്ണപ്രിയയാണ് ഭാര്യ. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ ഏക മകളാണ്. സഹോദരങ്ങളായ ബിജു വിദേശത്തും ഷിബു ബാംഗ്ലൂരും ആണ്. രണ്ടു പേർക്കും എത്താൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |