ഗുരുവായൂർ: ക്ഷേത്രവും ക്യൂ കോംപ്ലക്സ് ഉൾപ്പെടെയുള്ള ക്ഷേത്ര പരിസരവും ഇന്ന് ശുചീകരിച്ച് അണുനശീകരണം നടത്തിയ ശേഷം നാളെ രാവിലെ 9.30 മുതൽ ഗുരുവായൂരപ്പന്റെ നട ഭക്തർക്കായി തുറക്കും. ലോക്ക് ഡൗൺ നാളിൽ നട തുറന്നിരുന്നെങ്കിലും ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.
ഇന്ന് രാവിലെ ഒമ്പതരയോടെ ഉച്ചപൂജ വരെയുള്ള പൂജാ കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം പത്തോടെ അടയ്ക്കും. പിന്നീട് ക്ഷേത്രവും പരിസരവും വൃത്തിയാക്കിയ ശേഷം വൈകിട്ട് നാലരയോടെ തുറക്കും. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യൂ കോംപ്ലക്സും പരിസരവും ഇന്നലെ ക്ലോറിൻ ഉപയോഗിച്ച് കഴുകി. പിന്നാലെയാണ് ഇന്നും ശുചീകരണം നടത്തുന്നത്. നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ഭക്തർക്ക് ദർശനം.
ക്യൂ കോംപ്ലക്സിലും ക്ഷേത്രത്തിനകത്തും ആറ് അടി അകലത്തിലാണ് ഭക്തരെ നിറുത്തുക. ഒരേ സമയം ക്ഷേത്രത്തിനകത്ത് പത്തിലധികം പേർ ഉണ്ടാകാത്ത വിധമാകും ക്രമീകരണം. കിഴക്കേ നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നവർ ദർശനം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടെ പുറത്തേക്ക് പോകണം. ഓൺലൈനിൽ ബുക്ക് ചെയ്ത് ലഭിയ്ക്കുന്ന നമ്പർ പ്രകാരമാണ് പ്രവേശനം.
മണ്ണാറശാല ക്ഷേത്രം 22 വരെ ഇപ്പോഴത്തെ സ്ഥിതി തന്നെ തുടരും. കൊല്ലം തഴുത്തല മഹാഗണപതി ക്ഷേത്രം 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല
ഗുരുവായൂർ ദർശനത്തിന് ഓൺലൈനിൽ
ബുക്ക് ചെയ്തത് 522 പേർ
ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനായി ഓൺലൈനിൽ ഇന്നലെ ബുക്ക് ചെയ്തത് 522 പേർ. നാളെ രാവിലെ 9.30 മുതലാണ് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത്. ക്ഷേത്ര ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഇന്നലെ രാവിലെ പത്തു മുതലാണ് തുടങ്ങിയത്. 9 മുതൽ 13 വരെയുള്ള ദിവസങ്ങൾക്കാണ് ഇപ്പോൾ ബുക്ക് ചെയ്യാനാകുക. 9 മുതൽ 13 വരെയുള്ള ദിവസങ്ങളിലേയ്ക്കായി ഇന്നലെ വൈകിട്ട് വരെ 522 പേരാണ് ബുക്ക് ചെയ്തത്.
ആദ്യ ദിവസമായ നാളെ ദർശനം നടത്തുന്നതിനായി 171 പേർ ബുക്ക് ചെയ്തു. ബുധനാഴ്ച ദർശനം നടത്തുന്നതിനായി 80 പേരും വ്യാഴാഴ്ച്ചയിലേയ്ക്ക് 132 പേരും വെള്ളിയാഴ്ചയിലേയ്ക്ക് 45 പേരും ബുക്ക് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ദർശനത്തിനായി 94 പേരാണ് ബുക്ക് ചെയ്തത്. ദിവസവും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ദർശനം അനുവദിക്കുക. ദേവസ്വം വെബ്സൈറ്റായ www.guruvayurdevaswom.in എന്ന സൈറ്റിൽ നിന്നും ലഭിക്കുന്ന ഗൂഗിൾഫോം ലിങ്ക് വഴി ഓൺലൈനിൽ ദർശനം ബുക്ക് ചെയ്യാം. അറുന്നൂറ് പേർക്ക് മാത്രമേ ഒരു ദിവസം ദർശനം നടത്താനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |