മുംബയ്: കൊവിഡ് ആഗോളതലത്തിൽ സൃഷ്‌ടിച്ച സമ്പദ്ഞെരുക്കത്തിന് ഇടയിലും നിക്ഷേപം വൻതോതിൽ വാങ്ങിക്കൂട്ടി ഏവരെയും ഞെട്ടിക്കുകയാണ് റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസ്. ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസിന്റെ ഈ വിസ്‌മയ നേട്ടത്തിന് പിന്നിലൊരു 'മോടി"യുണ്ട്; മനോജ് മോദി!
പൊതുജനത്തിനിടയിൽ അറിയപ്പെടുന്നയാൾ അല്ലെങ്കിലും റിലയൻസ് ഇൻഡസ്ട്രീസിലെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ് മനോജ് മോദി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജിയോ ഫ്ളാറ്റ്‌ഫോംസിലേക്ക് ഫേസ്ബുക്കിൽ നിന്നുൾപ്പെടെ 97,885 കോടി രൂപയുടെ നിക്ഷേപമെത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം മോദിയാണ്. കമ്പനിയുടെ പരമ്പരാഗത, ഏറ്റവും ഉയർന്ന വരുമാനമുള്ള പെട്രോകെമിക്കൽ ബിസിനസിൽ നിന്ന് ഇന്റർനെറ്ര് ടെക്‌നോളജിയിലേക്ക് മുകേഷ് അംബാനി (63) ചുവടുമാറ്രിയതിന് പിന്നിൽ പ്രവർത്തിച്ചതും മോദിയാണ്. പക്ഷേ, കമ്പനിയിൽ അദ്ദേഹത്തിന് പ്രത്യേക പദവിയൊന്നും ഇല്ലെന്നതും കൗതുകം!
മാദ്ധ്യമങ്ങൾക്കൊന്നും പിടികൊടുക്കാൻ ഇഷ്‌ടപ്പെടാത്തയാളാണ് മനോജ് മോദി. പേരിൽ മോദിയുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുമായി അദ്ദേഹത്തിന് ബന്ധമൊന്നുമില്ല. പ്രശംസകളെ മനോജ് മോദി ഇഷ്‌ടപ്പെടുന്നുമില്ല. ''റിലയൻസിലെ ജീവനക്കാരെ പരിശീലിപ്പിക്കുകയും ഉപദേശിക്കുകയും മാത്രമാണ് ഞാൻ ചെയ്യുന്നത്"" എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. റിലയൻസ് റീട്ടെയിൽ, ജിയോ എന്നിവയിൽ മോദിയുടെ വാക്കിന് എതിർവാക്കില്ലെന്നാണ് കേൾവി. ''നിഷ്‌കരുണനായ പ്രഗത്ഭൻ"" എന്നാണ് അദ്ദേഹത്തെക്കുറിച്ച് സഹപ്രവർത്തകർ അടക്കം പറയുന്നത്.
മുകേഷിന്റെയും അനിൽ അംബാനിയുടെയും പിതാവ് ധീരുഭായ് അംബാനി 1980കളിൽ റിലയൻസിന്റെ പെട്രോകെമിക്കൽ സംരംഭത്തിന് തുടക്കമിടുന്നതു മുതൽ, മനോജ് ഹർജീവൻദാസ് മോദി കമ്പനിക്കൊപ്പമുണ്ട്. ഇപ്പോൾ, മൂന്നാംതലമുറയും മുകേഷ് - നീത അംബാനി ദമ്പതികളുടെ മക്കളും ജിയോയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരുമായ ഇഷ, ആകാശ് എന്നിവർക്കൊപ്പവും മനോജ് പ്രവർത്തിക്കുന്നു. ഇത്, മനോജ് മോദിയിൽ അംബാനി കുടുംബം അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്.
2016ൽ ഇന്ത്യൻ ടെലികോം വിപണിയെ ഉലച്ചുകൊണ്ടുള്ള ജിയോയുടെ രംഗപ്രവേശത്തിന് പിന്നിലെ ബുദ്ധിയും മനോജിന്റേതായിരുന്നു. ചുരുങ്ങിയ വർഷങ്ങൾകൊണ്ട്, 40 കോടി ഉപഭോക്താക്കളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ജിയോ വളർന്നു. ചർച്ചകളിലെ തീരുമാനങ്ങളെ, റിലയൻസിന് അനുകൂലമാക്കി മാറ്റുന്ന പ്രഗത്ഭനായ ഇടനിലക്കാരൻ എന്ന വേഷമാണ് അദ്ദേഹം കമ്പനിയിൽ ചെയ്യുന്നത്.
നിക്ഷേപമഴ
(കഴിഞ്ഞ രണ്ടുമാസത്തിനിടെ ജിയോ നേടിയ നിക്ഷേപം)
ഫേസ്ബുക്ക് : ₹43,574 കോടി
സിൽവർലേക്ക് : ₹10,203 കോടി
വിസ്‌റ്റ പാർട്ണേഴ്സ് : ₹11,367 കോടി
ജനറൽ അറ്റ്ലാന്റിക് : ₹6,598 കോടി
കെ.കെ.ആർ : ₹11,367 കോടി
മുബദല : ₹9,903 കോടി
ആദിയ : ₹5,683 കോടി
ആകെ : ₹97,885 കോടി
ഫോട്ടോ:
മുകേഷ് അംബാനിക്കൊപ്പം മനോജ് മോദി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |