കോഴിക്കോട്: പരിമിതികളുണ്ടെങ്കിലും കൊവിഡ് പ്രതിരോധത്തിൽ മികവിന്റെ പുതു ചരിത്രം കുറിക്കുകയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രക്ത ബാങ്ക്. സ്ഥലപരിമിധിയും ജീവനക്കാരുടെ കുറവുമെല്ലാം ഉണ്ടെങ്കിലും ആധുനിക യന്ത്റങ്ങളുടെ സഹായത്തോടെ മികച്ച പ്രവർത്തനമാണ് 1997ൽ തുടങ്ങിയ രക്ത ബാങ്ക് നടത്തുന്നത്. അത്യാഹിത വിഭാഗത്തിന് മുകളിലെ കുഞ്ഞു മുറിയിലാണ് പ്രവർത്തനം.
പ്രതിദിന ദാതാക്കൾ നിരവധി
ദിവസവും 100-150 ദാതാക്കളാണ് മെഡിക്കൽ കോളേജ് രക്ത ബാങ്കിലെത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധിയിൽ ഇത് 60 -70 ആയി. എങ്കിലും ക്ഷാമമില്ല. മാർച്ച് മുതൽ എച്ച്.എെ.വി പോലെ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ സ്രീൻ ചെയ്യാനുള്ള കെമിലുമിനസ് സംവിധാനവും ഒരുക്കി. ജൂൺ മുതൽ സർക്കാർ ഫണ്ടുപയോഗിച്ച് തലാസീമിയ രോഗികൾക്കായി ഫിൽറ്റേഡ് ബ്ലഡും നൽകുന്നുണ്ട്. രക്തം കയറ്റുന്നത് മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറക്കാൻ ഇത് സഹായിക്കും. കൊവിഡ് കാലത്ത് സുരക്ഷ പരിഗണിച്ച് രക്തദാന ക്യാമ്പുകൾ ഒഴിവാക്കിയിരുന്നു. പകരം ദാതാക്കളെത്തി രക്തം നൽകുകയായിരുന്നു.
പ്രവർത്തനങ്ങൾ പലത്
സന്നദ്ധ സംഘടനകളുടെ ക്യാമ്പുകളിലൂടെയാണ് ഇവിടേക്കുള്ള രക്തം പ്രധാനമായും ശേഖരിക്കുന്നത്. ഒട്ടേറെ പേർ നേരിട്ടെത്തിയും രക്തം നൽകുന്നുണ്ട്. ആശുപത്രിയിൽ ദിവസേനയുള്ള നൂറോളം ശസ്ത്രക്രിയകൾക്കും രക്തബാങ്കിനെയാണ് ആശ്രയിക്കുന്നത്. ചുരുക്കം രോഗികൾ മാത്രമാണ് രക്തം സ്വന്തം നിലയിൽ കണ്ടെത്താറുള്ളത്. ജില്ലയിലെ ഒരു ഡസനോളം രക്തദാന ഗ്രൂപ്പുകളാണ് ഇവിടെയെത്തുന്നത്.
എന്നാൽ മെഡിക്കൽ കോളേജിന്റെ മാറ്റങ്ങക്കനുസരിച്ചുള്ള സൗകര്യങ്ങൾ രക്തബാങ്കിൽ ഇനിയും എത്തിയിട്ടില്ല. രക്ത ബാങ്കിന് പ്രത്യേകം കെട്ടിടം വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
മെഡി. രക്തബാങ്ക് ഇങ്ങനെ
പ്രവൃത്തിസമയം: രാവിലെ എട്ട് മുതൽ ഉച്ചക്ക് 12വരെ
ഒരു ദിവസം നൽകുന്ന രക്തം- 200 യൂണിറ്റ്
ഒരു വർഷം 30000ത്തിലേറെ പേർക്ക് രക്തം നൽകുന്നു
ഒരു വർഷം നൽകുന്ന രക്തം- 55000 യൂണിറ്റ്
ദിവസവും എത്തുന്ന ദാതാക്കൾ: 100-150
കൊവിഡ് കാലത്തെ ദാതാക്കൾ: 30-70
പ്രത്യേക കെട്ടിടം വേണമെന്ന ആവശ്യം നടപ്പായില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |