കൊച്ചി: കൂട്ടിയ യാത്രാനിരക്ക് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ ഇടപെടലലിൽ കുറഞ്ഞ് പഴയ നിരക്കായതോടെ നിരത്തുകളിൽ നിന്ന് സ്വകാര്യബസുകൾ പിൻവലിഞ്ഞു. ഇതോടെ സാധാരണക്കാർ പെരുവഴിയിലായി. ലോക്ക് ഡൗണിന് ശേഷം കൊച്ചി നഗരത്തിൽ സർവീസ് നടത്തിയ ഇരുപത്തഞ്ചോളം ബസുകൾ ഇന്നലെ ഓടേണ്ടെന്ന് തീരുമാനിച്ചു.സർക്കാർ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കൂടുതൽ ബസുകളുടെ ഓട്ടം നിറുത്തുമെന്ന് ബസുടമകൾ പറയുന്നു. ഡീസൽ വില കൂടി വർദ്ധിച്ചതോടെ സർവ്വീസ് കൂടുതൽ നഷ്ടമായി.ബസ് നിരത്തിലിറക്കാൻ ആവശ്യമായ തുക പോലും കളക്ഷനില്ല. ടാക്സ് കുറച്ചു നൽകിയെന്ന സർക്കാരിന്റെ അവകാശ വാദം ഉടമകൾ തള്ളുന്നു.
ലോക്ക് ഡൗണിന് മുമ്പ് 60 മുതൽ 110 ലിറ്റർ വരെ ഇന്ധനമാണ് സാധാരണ അടിച്ചിരുന്നത്. ഇളവ് ലഭിച്ച് സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ ഇത് 40 മുതൽ 80 വരെയായി. കൊച്ചി നഗരത്തിലോടുന്ന ഒരു സ്വകാര്യ ബസിന് ശരാശരി 3500 രൂപയാണ് ലഭിച്ചിരുന്നത്. ഡീസലിനാകട്ടെ 3000 രൂപയും. ബാക്കി തുക രണ്ട് ജോലിക്കാരുടെ ശമ്പളം കൊടുക്കാൻ പോലും തികയില്ലെന്ന് ബസുടമകൾ പറയുന്നു. വ്യവസായം നില നിന്ന് പോകണമെങ്കിൽ ബസ് ചാർജ്ജ് വർദ്ധിപ്പിക്കുക,വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ തുക കൂട്ടുക, ഇന്ധനത്തിൽ സംസ്ഥാന സർക്കാരിന്റെ ടാക്സ് എങ്കിലും കുറയ്ക്കുക എന്നിവ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
"ബസുകൾ ഓടണമെന്നോ ഓടരുതെന്നോ അസോസിയേഷൻ പറയുന്നില്ല. 12 രൂപ നൽകുന്നതിന് യാത്രക്കാർക്ക് തടസ്സമുണ്ടായിരുന്നില്ല. അവശ്യയാത്രക്കാർ മാത്രമാണ് ബസിൽ കയറിയിരുന്നത്. വരവും ചെലവും ഒത്തുപോകാതെ ബുദ്ധിമുട്ടുന്ന ബസ് വ്യവസായികളോട് നിഷേധാത്മക നിലപാടാണ് സർക്കാരെടുക്കുന്നത്."
എം.ബി സത്യൻ
സംസ്ഥാന പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
സർവ്വീസ് കൂട്ടി ആനവണ്ടി
സ്വകാര്യബസുകൾ എണ്ണം കുറയ്ക്കുമ്പോഴും സർവ്വീസുകളുടെ എണ്ണം കൂട്ടുകയാണ് കെ.എസ്.ആർ.ടി.സി. ലോക്ക്ഡൗണിൽ ഇളവ് നേടിയ ആദ്യദിനങ്ങളിൽ ഇരുന്നൂറോളം സർവ്വീസ് ഉണ്ടായിരുന്നത് ഇപ്പോൾ മുന്നൂറായി. രണ്ടാംശനി സർവ്വീസുകളുടെ എണ്ണം കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനമായ ഞായറാഴ്ച ആരോഗ്യപ്രവർത്തകർക്ക് വേണ്ടി മാത്രമാണ് ഓടുന്നത്. കണ്ടെയ്ൻമെന്റ്, ഹോട്ട് സ്പോട്ട് സോണുകളിലൂടെ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ആ പ്രദേശത്ത് വാഹനം നിറുത്തി യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |