മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ശമ്പളമില്ലാതെയാണ് നിയമനം. ചീഫ് സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച ശേഷം പെൻഷൻ ലഭിക്കുന്നതിനാലാണിത്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ എ.ജയശങ്കർ.
'അറുപത് വയസ്സു വരെ ശമ്പളം പറ്റി സംസ്ഥാനത്തെ സേവിച്ചയാളാണ് മാന്യശ്രീ ടോം ജോസ്. ഇനി ശമ്പളമില്ലാതെ സേവിക്കാനാണ് താല്പര്യം. അല്ലെങ്കിൽ തന്നെ, ആനയ്ക്കെന്തിന് അണ്ടർ വെയർ? കടലിലെ തിരയെണ്ണുന്ന ജോലി പോലും ലാഭകരമായി ചെയ്യാൻ കഴിവുള്ള പ്രതിഭയാണ് ടോം ജോസ്. സംസ്ഥാനത്തെ സകല നദികളും തോടുകളും ചളിനീക്കി, മണൽ വാരി ഗതാഗത യോഗ്യമാക്കാൻ ഉടനെ കരാർ കൊടുക്കും'-അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെ കേരള ഷിപ്പിങ് ആൻ്റ് ഇൻലൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ (KSINC) ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. കാറും ഓഫീസും സ്റ്റാഫും ഉണ്ടാകും; പക്ഷേ ശമ്പളം കൊടുക്കില്ല. അറുപത് വയസ്സു വരെ ശമ്പളം പറ്റി സംസ്ഥാനത്തെ സേവിച്ചയാളാണ് മാന്യശ്രീ ടോം ജോസ്. ഇനി ശമ്പളമില്ലാതെ സേവിക്കാനാണ് താല്പര്യം.
അല്ലെങ്കിൽ തന്നെ, ആനയ്ക്കെന്തിന് അണ്ടർ വെയർ? കടലിലെ തിരയെണ്ണുന്ന ജോലി പോലും ലാഭകരമായി ചെയ്യാൻ കഴിവുള്ള പ്രതിഭയാണ് ടോം ജോസ്. സംസ്ഥാനത്തെ സകല നദികളും തോടുകളും ചളിനീക്കി, മണൽ വാരി ഗതാഗത യോഗ്യമാക്കാൻ ഉടനെ കരാർ കൊടുക്കും.
ഒറ്റ നയാപൈസ പോലും സർക്കാരോ കോർപ്പറേഷനോ ചെലവാക്കില്ല. ചെളി മാറ്റിയാലും ഇല്ലെങ്കിലും മണൽ മൊത്തം നീക്കം ചെയ്യും. അത് കരാറുകാർ വിറ്റു കാശാക്കും. വരുന്ന 11 മാസം കൊണ്ട് സ്ലോട്ടർ ടാപ്പിംഗ് പൂർത്തിയാകും, പുഴകളും അരുവികളും കായലുകളുമൊക്കെ ക്ലീനാകും. പിന്നെ ഉൾനാടൻ ജലഗതാഗതം ജിൽജില്ലായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |